co

ന്യൂഡൽഹി:ഇന്ത്യയിൽ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ വഴി മറ്റു രാജ്യങ്ങളിൽ വിതരണം ചെയ്യുന്നത് ലോകാരോഗ്യ സംഘടന താത്ക്കാലികമായി തടഞ്ഞു.

വാക്സിൻ ഉത്പാദനം കുറയ്ക്കുകയാണെന്ന് ഹൈദരബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അധികൃതർ അറിയിച്ചു. ഇതോടെ ഇന്ത്യയിലും വിതരണത്തിൽ കുറവ് വരും.

വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സാധുവാണെന്നും ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും കമ്പനി വ്യക്തമാക്കി.

മാർച്ച് 14 മുതൽ 22 വരെ ഭാരത് ബയോടെക്കിന്റെ ഉത്പാദന കേന്ദ്രത്തിൽ ലോകാരോഗ്യ സംഘടന പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കണമെന്നും ഉത്പാദന സംവിധാനം നവീകരിക്കണമെന്നും ഡബ്ളിയു.എച്ച്.ഒ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഉചിതമായ നടപടികൾ സ്വീകരിക്കാൻ വാക്സിൻ വാങ്ങിയ രാജ്യങ്ങൾക്കും നിർദ്ദേശം നൽകി.

നടപ്പാക്കേണ്ട ആക്‌ഷൻ പ്ളാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും ഭാരത് ബയോടെക്കിനും നൽകുമെന്ന് ഡബ്ല്യു.എച്ച്.ഒ കേന്ദ്രങ്ങൾ പറഞ്ഞു.