
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഒരു സന്നദ്ധ സംഘടനക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സംഘടന സന്നദ്ധ പ്രവർത്തനങ്ങൾക്കായി ലഭിച്ച വിദേശ സംഭാവനകൾ ജമ്മുകാശ്‌മീരിലെ ബാരാമുള്ള സ്വദേശികളായ രണ്ട് പേരുടെ പേരിൽ വകമാറ്റി പഞ്ചാബിലെ ഫരീദ് കോട്ടിൽ മൂന്ന് പള്ളികൾ നിർമ്മിച്ചത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.പാകിസ്ഥാൻ അതിർത്തിയിൽ നിന്നും 40 മുതൽ 70 കിലോമീറ്റർ പരിധിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പള്ളികൾക്കായി 70 കോടി രൂപയുടെ ഫണ്ടാണ് വകമാറ്റിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു
സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്കായാണ് 2000ൽ സംഘടന രൂപീകരിച്ചത്. പള്ളി നിർമ്മാണം പോലുള്ള പ്രവർത്തനങ്ങൾ ഈ സംഘടനയുടെ ഭാഗമല്ല. പഞ്ചാബിൽ പ്രവർത്തനമില്ലാത്ത ഈ സംഘടനയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കഴിഞ്ഞ വർഷം കേന്ദ്രം റദ്ദാക്കിയിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് വിശദമായ മറുപടി നൽകിയതായി ആർ.സി.എഫ്.ഐ വൃത്തങ്ങൾ അറിയിച്ചു.