
ന്യൂഡൽഹി: യോഗ്യരായ തടവുകാർക്ക് പരോൾ നിഷേധിച്ച ജയിൽ സൂപ്രണ്ടിന് ബോംബൈ ഹൈക്കോടതി 7 ദിവസം തടവ് ശിക്ഷ വിധിച്ചു. നാഗ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അനൂപ് കുമാർ എം.കുമ്രെ കോടതി അലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് ജസ്റ്റിസ് വി.എം ദേശ്പാണ്ഡെ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കണ്ടെത്തി. സൂപ്രണ്ടിന്റെ മാപ്പപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി 5,000 രൂപ പിഴയും ചുമത്തി. എന്നാൽ വിധി 10 ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യാനും സുപ്രീം കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകി. ഒരു തടവുകാരന് പരോൾ അനുവദിക്കുന്നത് അയാളിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാനാണ്. പരോൾ നിരസിക്കുമ്പോൾ അതിന് കൃത്യമായ കാരണം വേണം. കോടതി വ്യക്തമാക്കി.
കൊവിഡ് വ്യാപന കാലത്ത് അർഹരായ 35 തടവുകാർക്കാണ് സൂപ്രണ്ട് പരോൾ നിഷേധിച്ചത്. ഈ തീരുമാനം ചോദ്യം ചെയ്യാൻ കഴിയാത്തവരായിരുന്നു ഭൂരിഭാഗം തടവുകാരും. എന്നാൽ യോഗ്യതയില്ലാത്ത 6 തടവുകാരെ പരോളിൽ വിട്ടയക്കുകയും ചെയ്തു.
പരോൾ നിഷേധിച്ചതിനെതിരെ തടവുകാരനായ ഹനുമാൻ പെൻഡമാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് അഭിഭാഷകനായ എഫ്.ടി മിർസയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. സൂപ്രണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിരവധി അപാകതകൾ കോടതി കണ്ടെത്തിയിരുന്നു.