
ന്യൂഡൽഹി: വിവാദ സന്യാസി യതി നരസിംഘാനന്ദിനെതിരെ വിദ്വേഷവും വർഗീയതയും പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു. സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിംഗ് ഡൽഹിയിലെ ബുരാരി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഹിന്ദുമഹാ പഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യതിയുടെ വിവാദ പരാമർശം.
ഇന്ത്യയിൽ ഒരു മുസ്ലിം പ്രധാനമന്ത്രി വന്നാൽ 50 ശതമാനം ഹിന്ദുക്കളും മതപരിവർത്തനം ചെയ്യപ്പെടുമെന്നും 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടുമെന്നുമായിരുന്നു യതി പ്രസംഗിച്ചത്. ശേഷിക്കുന്ന 10 ശതമാനം ഹിന്ദുക്കൾ രാജ്യം വിടേണ്ടി വരും. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഭാവി ഇതാണ്. ഇതിന് മാറ്റം വരണമെങ്കിൽ ആയുധമെടുത്ത് പോരാടണമെന്ന് 200 പേർ പങ്കെടുത്ത സദസിനോട് യതി നരസിംഹാനന്ദ് ആഹ്വാനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഹരിദ്വാറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ യതി ജാമ്യത്തിലിറങ്ങുകയായിരുന്നു. ഗാസിയാബാദ് ദസ്നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ കൂടിയാണ് യതി നരസിംഹാനന്ദ്.