
ആശയ മികവും സംഘടനാ കരുത്തും കൈമുതലാക്കിയ 69 കാരൻ സീതാറാം യെച്ചൂരിക്ക് സി.പി.എം അമരത്ത് ഇത് ഹാട്രിക് . പ്രതിപക്ഷ കക്ഷികൾക്കിടയിലെ പാലം. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയ്‌ക്കും ഊർജ്ജം. . കേരളത്തിന് പുറത്ത് പശ്ചിമബംഗാളിലും ത്രിപുരയിലും തിരിച്ചുവരവടക്കം ദേശീയ തലത്തിൽ സി.പി.എം ചെങ്കൊടി ഉയരെ പറത്താനുള്ള ഭാരിച്ച ദൗത്യമാണ് യെച്ചൂരിക്ക്.
1992ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പ്രത്യയശാസ്‌ത്ര പ്രതിസന്ധി നേരിട്ട സി.പി.എമ്മിന് മുൻ വെളിച്ചമായി മാറിയ പ്രത്യയശാസ്ത്ര രേഖയുടെ സൃഷ്‌ടാവാണ് യെച്ചൂരി. മദ്രാസിൽ 1992 ജനുവരിയിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിൽ അവതരിക്കപ്പെട്ട 'ഒാൺ സെർട്ടൻ ഐഡിയോളജിക്കൽ ഇഷ്യൂസ്'(ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് )എന്ന രേഖയുടെ കരട് തയ്യാറാക്കിയതും അവതരിപ്പിച്ചതും യെച്ചൂരിയാണ്. ബി.ജെ.പിയെ നേരിടുന്ന മതേതര പാർട്ടികളുടെ കൂട്ടായ്മയിൽ കോൺഗ്രസിന് നിഷേധിക്കാനാവാത്ത സ്ഥാനമുണ്ടെന്ന നിലപാടാണ് തുടക്കം മുതൽ യെച്ചൂരിക്ക്. പാർട്ടിയുടെ ശക്തികേന്ദ്രമായ കേരള ഘടകവുമായി ഇതേച്ചൊല്ലി തർക്കവുണ്ട്. കണ്ണൂർ പാർട്ടി കോൺഗ്രസിലും വിഷയം ചർച്ചയായി .
ജെ.എൻ.യുവിന്റെ പ്രിയപുത്രൻ
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയാണ് യെച്ചൂരി. സർവേശ്വര സോമയാജി യെച്ചൂരിയുടെയും കൽപ്പകത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12ന് പഴയ മദ്രാസിലാണ് ജനനം. . തെലങ്കാന പ്രക്ഷോഭ നാളുകളിൽ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി. സി.ബി.എസ്.ഇ അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാം റാങ്ക്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഇക്കോണമിക്സിനും ജവഹർലാൽ നെഹ്റു സർവകാലാശാലയിൽ എംഎ ഇക്കോണമിക്സിനും റാങ്ക്. ജെ.എൻ.യുവിലെ പിഎച്ച്.ഡി പഠനം അടിയന്തരാവസ്ഥക്കാലത്തെ ഒളി ജീവിതത്തിൽ മുടങ്ങി. ടെന്നീസ് കമ്പക്കാരനായ പയ്യനെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് വലിച്ചടുപ്പിച്ചതും നേതാവായി പരുവപ്പെടുത്തിയതും ജെ.എൻ.യു കാമ്പസാണ്. പിന്നീട് പാർട്ടിയിലെ സഹപ്രവർത്തകനായി മാറിയ പ്രകാശ് കാരാട്ട് സീനിയറായിരുന്നു. മൂന്നു വട്ടം ജെ.എൻ.യു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്. കേരളവും ബംഗാളും അടക്കിവച്ച എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തുമെത്തി.
യെച്ചൂരിയെ മുഴുവൻ സമയ പാർട്ടിക്കാരനാക്കാൻ വീട്ടിൽ സംസാരിച്ച് ബോധ്യപ്പെടുത്താനുള്ള ചുമതല
സി.പി.എം ആദ്യ ജനറൽ സെക്രട്ടറിയും നാട്ടുകാരനുമായ പി. സുന്ദരയ്യയ്ക്കായിരുന്നു. പിന്നീട് വഴികാട്ടിയായത് അന്തരിച്ച മുൻ ജനറൽസെക്രട്ടറി ഹർകിഷൻസിംഗ് സുർജിത്..ബസവപുന്നയ്യ, സുർജിത്, ഇ.എം.എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം നടത്തിയ യാത്രകളും മറ്റു പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും യെച്ചൂരിയിലെ നേതാവിനെ പാകപ്പെടുത്തുന്നതിൽ ഏറെ നിർണായകമായി.
1984ൽ ,32-ാം വയസിൽ നേരിട്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തിയത്. 1992ൽ മദ്രാസിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിലൂടെ പൊളിറ്റ് ബ്യൂറോയിലെത്തുമ്പോൾ പ്രായം നാല്പത്. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, യെച്ചൂരി എന്നിവർക്ക് പാർട്ടി ദേശീയ നേതൃത്വത്തിൽ ചുമതല നൽകുന്നത് ഒരേകാലത്ത്. 1988ൽ തിരുവനന്തപുരത്ത് നടന്ന 13-ാം പാർട്ടി കോൺഗ്രസിൽ നിലവിൽ വന്ന കേന്ദ്ര സെക്രട്ടേറിയറ്റിലും അംഗങ്ങളായ മൂവർ സംഘത്തിന്റെ കൈയിലായിരുന്നു പിന്നീടങ്ങോട്ട് പാർട്ടി നേതൃത്വം. അവർക്കിടയിൽ ആശയപരമായ ഭിന്നതയുണ്ടായതും ചരിത്രം. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തത് കാരാട്ടിൽ നിന്നാണ്. 2018ൽ ഹൈദരാബാദിലെ 22-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദവിയിലേക്ക് എസ്.ആർ.പി എതിർ സ്ഥാനാർത്ഥിയി വന്നെങ്കിലും പിൻവാങ്ങി.
2005മുതൽ 2018വരെ യു.പി.എ, എൻ.ഡി.എ സർക്കാരുകളുടെ കാലത്ത് മികച്ച പാർലമെന്റേറിയനായി തിളങ്ങിയ യെച്ചൂരി പ്രതിപക്ഷത്തിന്റെ ശബ്‌ദമായി . ടുജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്‌തി ചൂണ്ടിക്കാട്ടിയും മറ്റുമുള്ള ഇടപെടലുകൾ ശ്രദ്ധേയം.. 96-98 മൂന്നാം മുന്നണി സർക്കാർ, 2004-08 വരെയുള്ള യു.പി.എ സർക്കാർ എന്നിങ്ങനെ സി.പി.എം പുറത്തു നിന്ന് പിന്തുണ നൽകിയ ഘട്ടങ്ങളിലെല്ലാം ഏകോപന ചുമതല യെച്ചൂരിക്കായിരുന്നു.
ഹൈ പിച്ചിലേക്ക് കുതിക്കുന്ന രാഷ്‌ട്രീയ പ്രസംഗ രീതിക്കു പകരം അക്കാഡമിക് രീതിയിൽ പതിഞ്ഞ ശബ്‌ദത്തിൽ, നർമ്മം നിറച്ച്, കൊള്ളേണ്ടിടത്ത്കൊള്ളുന്ന മൂർച്ചയുള്ള വാക്കുകൾ നിറച്ച സംസാരമാണ് യെച്ചൂരിയുടേത്. ബി.ജെ.പിയെ ആക്രമിക്കുന്ന പ്രസംഗങ്ങളിൽ ഞാൻ 'സീതയും രാമനും' ചേർന്ന ആളാണെന്ന് പതിവായി പറയാറുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പോലെ നേതാക്കളും കടുകട്ടിയായിരിക്കണമെന്ന നിലപാടൊന്നും യെച്ചൂരിക്കില്ല. . ജീവിതം ആസ്വദിക്കുന്ന വ്യക്തി. നന്നായി സിഗരറ്റ് വലിക്കും.ഭക്ഷണ പ്രിയൻ.
ഭാര്യ: മുതിർന്ന മാദ്ധ്യമ പ്രവർത്തക സീമാ ചിത്സി, മക്കൾ: അന്തരിച്ച മാദ്ധ്യമ പ്രവർത്തകൻ ആശിഷ് യെച്ചൂരി, പ്രഭാഷകയായ ഡോ.അഖിലാ യെച്ചൂരി, യു.എസിൽ സ്ഥിരതാമസമാക്കിയ ഡാനിഷ്