v-muralidharan

ന്യൂഡൽഹി: ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും ദേശീയതയെ പരിഹസിക്കുകയും വിശ്വാസികളെ അവഹേളിക്കുകയും ചെയ്യുന്ന സി.പി.എം മുഖ്യശത്രുവായി ബി.ജെ.പിയെ പ്രഖ്യാപിക്കുന്നത് സന്തോഷത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. പാവപ്പെട്ടവരെ കുടിയിറക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ നേരിടാൻ ഇന്ന് കേരളത്തിൽ ബി.ജെ.പി അല്ലാതെ വേറെ ആരുമില്ല. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയെ മുഖ്യശത്രുവായി സി.പി.എം പ്രഖ്യാപിക്കുന്നത് . സി.പി.എമ്മിനെ എതിർക്കാനുള്ള ശേഷി കോൺഗ്രസിനില്ല. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കോൺഗ്രസുകാർ വണ്ടി കയറുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സി.പി.എം നേതൃനിരയിൽ ദളിത് പ്രാതിനിധ്യം ഇല്ലാത്തതിന് സീതാറാം യെച്ചൂരി നൽകിയ വിശദീകരണം പരിഹാസ്യമാണ്. ബി.ജെ.പിയിൽ ദളിത് വിഭാഗത്തിൽ നിന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറിമാരുണ്ട്. കേന്ദ്രമന്ത്രിസഭയിൽ 12 പേരുണ്ട്. സി.പി.എം പി.ബിയിൽ ദളിത് പ്രാതിനിധ്യമേയില്ല. അങ്ങനെയുള്ള സി.പി.എം ബി.ജെ.പിയെ സവർണ്ണപ്പാർട്ടിയെന്ന് വിളിക്കുന്നത് അപഹാസ്യമാണെന്ന് മുരളീധരൻ പറഞ്ഞു.