
കണ്ണൂർ: രാജ്യത്ത് ആർ.എസ്.എസ് ഉയർത്തുന്ന ഭിന്നിപ്പിന്റെ രാഷ്‌ട്രീയത്തെ ആശയപരമായി വെല്ലുവിളിക്കാനും തോൽപ്പിക്കാനും ഇടതു കക്ഷികൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, ഇക്കാര്യത്തിൽ ആത്മപരിശോധന നടത്താൻ പാർട്ടി കോൺഗ്രസ് വേദി ഉപയോഗിക്കണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പാർട്ടി കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ആർ.എസ്.എസിന്റെ വെറുപ്പ് നിറഞ്ഞ ആശയങ്ങളുടെ സ്വാധീനത്തിൽ നിന്ന് സമൂഹത്തെ ശുദ്ധിയാക്കാൻ ഇടതു പാർട്ടികളുടെ നേതൃത്വത്തിലുള്ള മതേതര, ജനാധിപത്യ, പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയ്ക്ക് സാധിക്കും. അടിസ്ഥാന തത്ത്വങ്ങളിൽ ഉറച്ചുനിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകേണ്ടത് മാറിവരുന്ന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.പി.ഐ എപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. ആർ.എസ്.എസിന് ശക്തമായ വെല്ലുവിളിയാണ് ഇടതു പാർട്ടികളെന്ന് തെളിയിക്കണം. രാഷ്‌ട്രീയമായും ആശയപരമായും ആർ.എസി.എസിനെ തോൽപ്പിക്കാൻ ഇടതു ലയനം എങ്ങനെ സാദ്ധ്യാമാക്കാമെന്ന് ആത്മപരിശോധന നടത്തണം.
രാജ്യത്തെ രാഷ്‌ട്രീയ ഗതിവിഗതികളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ട് നൂറു വർഷത്തിലേറെയായി. അതിനാൽ രാജ്യത്തെ അജൻഡ രൂപപ്പെടുത്തുന്നതിലുള്ള ചരിത്രപരമായ പങ്ക് മറന്നുകൂടാ. ഇന്നും എല്ലാ ജനകീയ പ്രക്ഷോഭങ്ങളിലും പുരോഗമനപരമായ ആശയമുന്നേറ്റം നടത്തുന്നത് ഇടതു പാർട്ടികളാണ്- രാജ ചൂണ്ടിക്കാട്ടി.