
ന്യൂഡൽഹി: വ്യാപക നാശനഷ്ടങ്ങൾക്കിടയാക്കുന്ന മാരക ശേഷിയുള്ള ആയുധങ്ങൾക്ക് ധനസഹായം നൽകുന്നത് കുറ്റകരമാക്കുന്ന ബിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ അവതരിപ്പിച്ചു.
പുതിയ ബില്ല് പ്രകാരം നിലവിലുള്ള നിയമത്തിൽ 12 എ എന്ന വകുപ്പ് കൂടി കൂട്ടിച്ചേർക്കും. ഇതനുസരിച്ച് മാരക ശേഷിയുള്ള ആയുധങ്ങൾക്കും അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റും സാമ്പത്തിക സഹായം നൽകുന്നത് അനുവദനീയമല്ല. 1947ലെ യു. എൻ സുരക്ഷാ കൗൺസിൽ നിയമ പ്രകാരം നിരോധിച്ച പ്രവൃത്തികൾക്ക് ധനസഹായം നൽകുന്നതും ഈ സെക്ഷൻ പ്രകാരം കുറ്റകരമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം പ്രവർത്തനങ്ങളെ സഹായിക്കുന്നവരുടെ സ്വത്തും മറ്റ് ആസ്തികളും മരവിപ്പിക്കാനോ കണ്ടുകെട്ടാനോ സർക്കാരിന് അധികാരമുണ്ടാകും. നിലവിൽ, മാരക ശേഷിയുള്ള ആയുധങ്ങളുമായി ബന്ധപ്പെട്ട് 2005ലെ നിയമത്തിൽ ആയുധങ്ങളുടെ നിർമ്മാണം മാത്രമാണ് കുറ്റകരമായിട്ടുള്ളത്.
മാരകശേഷിയുള്ള ആയുധങ്ങൾക്കെതിരായ നീക്കത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള പല ധാരണകളും പാലിക്കാൻ കഴിയുന്ന തരത്തിലാണ് ബില്ല് തയാറാക്കിയത്.
അടുത്തിടെ യു.എൻ സുരക്ഷാ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ ഇത്തരം നിയമങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇന്ത്യയും ഇത്തരമൊരു ബില്ലിന് രൂപം നൽകിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
മാരക ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയാൻ അതിന് സാമ്പത്തിക സഹായം നൽകുന്നവർക്കെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികളാണ് യു.എൻ സുരക്ഷാ സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.