
ന്യൂഡൽഹി: രാജ്യസഭയിൽ ഈ മാസം തന്റെ കാലാവധി പൂർത്തിയാകാനിരിക്കെ ഈ സഭാ സമ്മേളനത്തിലെ അവസാന പ്രസംഗം മലയാളത്തിൽ നടത്തി സുരേഷ് ഗോപി എം.പി. ആനകളെ ട്രെയിലറുകളിലും ലോറികളിലും കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. മലയാളത്തിലുള്ള പ്രസംഗം നന്നായി എന്ന് രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു.
'എനിക്ക് ഈ ടേമിൽ കിട്ടുന്ന അവസാന അവസരമാണിത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും കലക്കത്ത് കുഞ്ചൻ നമ്പ്യാർക്കും സമർപ്പിച്ചുകൊണ്ട് അവരുടെ പാദാരവിന്ദങ്ങളിൽ നമസ്കരിച്ച് മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നല്ലവരായ മലയാളികൾക്കും സമർപ്പണമായി എന്റെ ഈ നിവേദനം കേന്ദ്ര വനം-വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പിൽ സമർപ്പിക്കുന്നു' എന്നായിരുന്നു ആനകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.