
ന്യൂഡൽഹി:ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന സങ്കൽപ്പം പ്രാവർത്തികമാക്കുകയാണ് ബി.ജെ.പിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ 42-ാം സ്ഥാപന ദിനത്തിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ സ്ഥാപന ദിനം മൂന്ന് കാരണങ്ങൾ കൊണ്ട് പ്രധാനപ്പെട്ടതാണ്. സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയമാണ് എന്നതാണ് ഒന്ന്. അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ ഭാരതത്തിന് സുപ്രധാന സ്ഥാനം ലഭിക്കുന്നു എന്നതാണ് രണ്ടാമത്തേത്. കുറച്ച് ദിവസം മുമ്പ് നാല് സംസ്ഥാനങ്ങളിൽ ബിജെപിയുടെ 'ഇരട്ട എഞ്ചിൻ' സർക്കാർ വീണ്ടും അധികാരത്തിൽ വന്നു എന്നതാണ് മൂന്നാമത്തേത്. മുപ്പത് വർഷത്തിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിക്ക് രാജ്യസഭയിൽ നൂറിലധികം അംഗങ്ങളെന്ന ചരിത്രനേട്ടം പാർട്ടി കൈവരിച്ചിരിക്കുന്നു. ഈയവസരത്തിൽ ബിജെപിയുടെയും പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വം വർദ്ധിക്കുകയാണെന്ന് മോദി കൂട്ടിച്ചേർത്തു.
ആര് അധികാരത്തിൽ വന്നാലും ഒന്നും മാറില്ല എന്ന ജനങ്ങളുടെ വലിയ നിരാശ മാറ്റിയെടുക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. മുഴുവൻ ലോകവും രണ്ട് ചേരിയിലായി വിഭജിക്കപ്പെട്ടിരിക്കുമ്പോഴും ഭാരതം മാനവികതയുടെ ഭാഷ സംസാരിക്കുന്നു. ഇന്ന് രാജ്യത്തിന് നയവുമുണ്ട് ഉദ്ദേശ്യവുമുണ്ട്. അതിനാൽ നമ്മൾ ലക്ഷൃം നിശ്ചയിക്കുകയും കൈവരിക്കുകയും ചെയ്യുന്നു.
കൊവിഡ് കാലത്തും രാജ്യം കയറ്റുമതിയിൽ വലിയ നേട്ടം കൈവരിച്ചു. എല്ലാവർക്കും വീട്, ശൗചാലയം, ആയുഷ്മാൻ ഭാരത്, ഉജ്വല, തുടങ്ങി സർക്കാരിന്റെ നേട്ടങ്ങൾ നിരവധിയാണ്. ഓരോ പാർട്ടി പ്രവർത്തകനും ഈ സന്ദേശവുമായി വീട് വീടാന്തരം പോകണം.
ഇന്ന് രണ്ട് തരം രഷ്ട്രീയമുണ്ട്. ഒന്ന് കുടുംബ ഭക്തിയും മറ്റൊന്ന് രാഷ്ട്ര ഭക്തിയും. ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ കുടുംബത്തിനായി പ്രവർത്തിക്കുന്നു. അവർ അഴിമതി മൂടിവയ്ക്കുന്നു.അവരുടെ ഈ പ്രവണത അവസാനിപ്പിക്കാൻ മുൻകൈയെടുത്തുവെന്ന് നമുക്ക് അഭിമാനിക്കാം.
ജ്യോതിഭാ ഫുലേ, ബാബാ സാഹബ് അംബേദ്ക്കർ എന്നിവരുടെ ജയന്തി വരികയാണ്. കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ ആ ദിവസങ്ങളിൽ പ്രവർത്തിക്കണം. പാർട്ടി എന്നോട് നിർദ്ദേശിക്കുന്ന ഏത് പ്രവർത്തനവും നടപ്പാക്കാൻ മറ്റ് പ്രവർത്തകരെപ്പോലെ ഞാനും കഠിന പ്രയത്നം ചെയ്യും. നിങ്ങളിൽ നിന്നും ഞാൻ ഇത് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.