sushil-kumar-modi

ന്യൂഡൽഹി: ന്യൂസ് പ്രിന്റിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ബി.ജെ.പി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ- യുക്രെയിൻ യുദ്ധം പത്രവ്യവസായത്തെ സാരമായി ബാധിച്ചു. കൊവിഡ് മഹാമാരിയിൽ തകർന്ന ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കണം. ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കാൻ പദ്ധതിക്ക് രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറക്കുമതി ചെയ്ത ന്യൂസ് പ്രിന്റിനെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയിൽ നിന്നു മാത്രം 45 ശതമാനം ന്യൂസ് പ്രിന്റാണ് ഇറക്കുമതി ചെയ്യുന്നത്. ഫിൻലൻഡിലെ തൊഴിലാളി പണിമുടക്കും കാനഡയിലെ ട്രക്ക് ഡ്രൈവർമാരുടെ സമരവും പ്രശ്നം സങ്കീർണമാക്കി. വില ടണ്ണിന് 450 ഡോളറിൽ നിന്ന് 950 ഡോളറായി ഉയർന്നു. ഇത് പത്ര സ്ഥാപനങ്ങൾക്ക് താങ്ങാനാവില്ല.

ന്യൂസ് പ്രിന്റ് നിർമ്മിക്കുന്ന മില്ലുകൾ പാക്കേജിംഗ് സാമഗ്രികളുടെ ഉല്പാദനത്തിലേക്ക് തിരിയുകയാണ്. ചെലവ് വർദ്ധിക്കുന്നതു മൂലം ഗ്രാമീണ മേഖലയിലെ പത്രവിതരണം തടസ്സപ്പെടുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലും പൗരന്മാരെ ശാക്തീകരിക്കുന്നതിലും പത്രങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കണമെന്നും സുശീൽ കുമാർ മോദി പറഞ്ഞു.