
കണ്ണൂർ: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകും വിധം സി.പി.എമ്മുമായി വിപുലമായ ബന്ധം ആഗ്രഹിക്കുന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി , പാർട്ടി കോൺഗ്രസിനയച്ച ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ സാമ്പത്തിക വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വലിയ സംഭാവന നൽകാൻ പാർട്ടി കോൺഗ്രസ് സി.പി.എമ്മിനെ പര്യാപ്‌തമാക്കട്ടെയെന്നും ആശംസയിലുണ്ട്.
സി.പി.എമ്മും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അടുപ്പം ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദവും വിശ്വാസവും വർദ്ധിപ്പിക്കാൻ ഇടയായിട്ടുണ്ട്.
പ്രാദേശികവും അന്തർദേശീയവുമായ പൊതു താത്പര്യ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണവും ആശയവിനിമയവും വർദ്ധിപ്പിക്കാൻ സി.പി.എമ്മുമായി വിപുലമായ ബന്ധം ആഗ്രഹിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ പൊതു താത്പര്യമുള്ള വിഷയങ്ങളിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും സന്ദേശത്തിൽ പറയുന്നു.
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി, കൊറിയൻ വർക്കേഴ്സ് പാർട്ടി, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവയടക്കം 37 സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പാർട്ടി കോൺഗ്രസിന് ആശംസ നൽകി.