jayasanker

ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ സമാന പഠന മാതൃകകളുള്ള യുക്രെയിന്റെ അയൽ രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ലോക്സഭയിൽ പറഞ്ഞു. ഹംഗറി, റുമാനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് ചർച്ച നടത്തുന്നത്.

രാജ്യത്ത് പഠിച്ചു കൊണ്ടിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കുന്നതിന് ഇളവുകൾ നൽകാൻ തയ്യാറാണെന്ന് യുക്രെയിൻ സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ വർഷം നടക്കേണ്ട നാലാം വർഷ പ്രവേശനത്തിനുള്ള ക്രോക്ക് - 1 പരീക്ഷ (യുക്രെയിൻ മെഡിക്കൽ എക്സാമിനേഷൻ) അടുത്ത അധ്യയന വർഷം നടത്താമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. മൂന്നാം വർഷ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഉടനെ പരീക്ഷ നടത്താതെ നാലാം വർഷത്തിലേക്ക് പ്രവേശനം അനുവദിക്കും. ആറാം വർഷ വിദ്യാർത്ഥികൾക്കുള്ള ക്രോക്ക് - 2 പരീക്ഷ നടത്താതെ വിദ്യാർത്ഥികൾക്ക് അക്കാഡമിക് തലത്തിലുള്ള മൂല്യനിർണയത്തിലൂടെ ബിരുദം നൽകാൻ യുക്രെയിൻ സർക്കാർ തീരുമാനിച്ചതായും ജയശങ്കർ കൂട്ടിച്ചേർത്തു.