
ന്യൂഡൽഹി: മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തതിലൂടെ സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തിലി അറിയിച്ചതായി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ഘട്ടംഘട്ടമായി മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മണ്ണെണ്ണ വില വലിയതോതിൽ വർദ്ധിപ്പിച്ചതിലുള്ള സംസ്ഥാനത്തിന്റെ ആശങ്കയും അറിയിച്ചു. സംസ്ഥാനത്ത് സ്റ്റോക്കിൽ ബാക്കിയുള്ള മണ്ണെണ്ണ ഈ മാസം 15വരെ അന്നയോജന അന്ത്യോദയ കാർഡ് ഉടമകൾക്ക് പഴയ വിലയായ 53 രൂപയ്ക്കുതന്നെ വിതരണം ചെയ്യും.
കേരളത്തിനു നൽകുന്ന അരിയുടെ 50 ശതമാനം പച്ചരി നൽകണമെന്നും ശേഷിക്കുന്നത് ജയ, സുരേഖ ഇനങ്ങൾ അനുവദിക്കണമെന്നും കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ 20 ഗോഡൗണുകൾ നിർമ്മിക്കാനുള്ള രൂപരേഖ സമർപ്പിക്കാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. സപ്ലൈകോയ്ക്കും മറ്റും ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ടുള്ള സബ്സിഡി ഇനത്തിൽ ലഭിക്കാനുള്ള 390 കോടി രൂപ നൽകുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടി ലഭിച്ചുവെന്നും ജി.ആർ. അനിൽ പറഞ്ഞു.