
കണ്ണൂർ: പെട്രോളിയം ഉത്പന്നങ്ങൾക്ക് മേൽ അധികമായി ചുമത്തിയ സെസുകളും സർചാർജുകളും അടിയന്തരമായി പിൻവലിക്കണമെന്ന് പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കി. ഇന്ധന വിലവർദ്ധനവിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും പ്രമേയം ആഹ്വാനം ചെയ്‌തു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം ധനികർക്കുള്ള നികുതി വർദ്ധിപ്പിക്കണമെന്നും പെട്രോളിയം മേഖലയിലെ സ്വകാര്യവത്കരണം നിറുത്തിവയ്ക്കണമെന്നും പ്രമേയത്തിലുണ്ട്. ഹിജാബിന്റെയും ഹലാലിന്റെയും പേരിൽ വർഗീയ ധ്രുവീകരണം നടത്തി ശ്രദ്ധ തിരിച്ചുവിട്ട് ഇന്ധനവിലയടക്കം വർദ്ധിപ്പിക്കുകയാണ് കേന്ദ്രസർക്കാരെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.