exam

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ ഇന്ത്യയിലെ 547 നഗരങ്ങളിലും വിദേശത്ത് 13 നഗരങ്ങളിലും നടത്തുമെന്ന് യു.ജി.സി അറിയിച്ചു. രാവിലെയും ഉച്ചയ്‌ക്കുമായി നടത്തുന്ന പരീക്ഷയുടെ ഒരു സ്ളോട്ടിന് ജനറൽ വിഭാഗത്തിന് 650 രൂപയാണ് അപേക്ഷാ ഫീസ്. ഒ.ബി.സി, സാമ്പത്തിക സംവരണ വിഭാഗങ്ങൾക്ക് 600 രൂപയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് 550 രൂപയുമാണ് ഫീസ്. വിദേശകേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ ഒരു സ്ളോട്ടിന് 3000 രൂപയാണ് ഫീസ്. രാവിലെ ഒന്നാം സ്ളോട്ടിൽ 3 മണിക്കൂറും 15മിനിട്ടും (195 മിനിട്ട്) ഉച്ചയ്‌ക്കു ശേഷം രണ്ടാം സ്ളോട്ടിൽ 3മണിക്കൂറും 45 മിനിട്ടും (225 മിനിട്ട്) നീളുന്നതാണ് പരീക്ഷ. ജൂലായിൽ നടക്കുന്ന പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാം. https://cuet.samarth.ac.in എന്ന സൈറ്റിലൂടെ മാത്രമെ അപേക്ഷിക്കാൻ പാടുള്ളു. ഒരു വിദ്യാർത്ഥി ഒരപേക്ഷമാത്രമെ നൽകാവൂ. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ഇ-മെയിൽ വിലാസവും മൊബൈൽ ഫോൺ നമ്പരും നൽകണം. വിദ്യാർത്ഥിയുടെയോ രക്ഷിതാവിന്റെയോ ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകാം. പരീക്ഷ നടത്തുന്ന വിദേശ കേന്ദ്രങ്ങൾ: മനാമ, കൊളംബോ, ദോഹ, ദുബായ്, ജക്കാർത്ത, കാഠ്മണ്ഡു, കോലാലംപൂർ, കുവൈറ്റ് സിറ്റി, ലാഗോസ്/ അബൂജ, മസ്ക്കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ.