
കണ്ണൂർ: കോൺഗ്രസിനെയുൾപ്പെടെ ഒപ്പം കൂട്ടിയുള്ള വിശാല മതേതര കൂട്ടായ്മയ്ക്ക് പകരം ഇടത് ജനാധിപത്യ ചേരിയായി നിലകൊള്ളണമെന്ന് നിർദ്ദേശിച്ച് പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആന്ധ്രാ സെക്രട്ടറിയുമായ ബി.വി. രാഘവലു കൊണ്ടുവന്ന ഭേദഗതി കേന്ദ്ര കമ്മിറ്റി തള്ളി. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം തുടരാമെന്ന നിലപാടാണ് കൈക്കൊണ്ടത്.
വിപ്ളവ പാർട്ടിയായ സി.പി.എം ഇടത് ജനാധിപത്യ ബദലിനായി നിലകൊള്ളണമെന്ന നിർദ്ദേശമാണ് രാഘവലു മുന്നോട്ടുവച്ചത്. ഇടത് ജനകീയമുന്നണി മാത്രം മതിയെന്നും നിർദ്ദേശിച്ചു. എന്നാൽ ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസടക്കം ശക്തികളെ ഒപ്പം കൂട്ടണമെന്ന വാദത്തിനാണ് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയത്. പക്ഷേ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യവും പ്രഖ്യാപിക്കില്ല. പ്രാദേശിക സാഹചര്യം നോക്കി കോൺഗ്രസുമായി ധാരണയുണ്ടാക്കാമെന്നും പാർട്ടി കോൺഗ്രസ് അംഗീകരിച്ച കരടിൽ പറയുന്നുണ്ട്.