covid-

ന്യൂഡൽഹി: കേരളം, മഹാരാഷ്‌ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് മരണത്തിന്റെ നഷ്‌ടപരിഹാര അപേക്ഷകളിൽ ക്രമക്കേടുണ്ടായോ എന്ന് പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയമിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശകനായ ഡോ. പി. രവീന്ദ്രൻ കേരളത്തിലെ പരിശോധനയ്‌ക്ക് നേതൃത്വം നൽകും. എൻ.ഡി.സി ജോയിന്റ് സെക്രട്ടറി ഡോ. സങ്കേത് കുൽക്കർണി, ആർ.എസ്.ബി.വൈ ഡിവിഷൻ അണ്ടർ സെക്രട്ടറി രാജേന്ദർ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

സുപ്രീംകോടതി വിധി പ്രകാരം നാലുസംസ്ഥാനങ്ങളിലെയും അഞ്ചു ശതമാനം വീതം നഷ്‌ടപരിഹാര അപേക്ഷകളിലാണ് കേന്ദ്രസംഘം ദ്രുത പരിശോധന നടത്തുക. നഷ്‌ടപരിഹാരം നൽകിയതും അപേക്ഷ നിരസിച്ചതുമായ കേസുകൾ പരിശോധിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കും. സംഘത്തിനാവശ്യമായ സഹായം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.