mullaperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരങ്ങൾ നൽകി സുപ്രീം കോടതി ഉത്തരവിറക്കി. ദേശീയ ഡാം സുരക്ഷാ അതോറിട്ടി നിലവിൽ വരുന്നത് വരെ മേൽനോട്ട സമിതിക്ക് ഈ നിലയിൽ പ്രവർത്തനം തുടരാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് എ. എസ്. ഓക, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതികൾ കേൾക്കാനും നടപടി എടുക്കാനും സുരക്ഷാ പരിശോധന നടത്താനും മേൽനോട്ട സമിതിക്ക് അധികാരം നൽകി. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ അധികാരങ്ങൾ മുഴുവൻ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറി.

അണക്കെട്ടിന്റെ പരിപാലനം ഉൾപ്പെടെയുള്ള ചുമതലയും ഇനി മേൽനോട്ട സമിതി നിർവ്വഹിക്കും. അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ് നാടിന്റെ ആവശ്യത്തിൽ സമിതി തീരുമാനമെടുക്കും. സമിതി തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഉറപ്പ് വരുത്തണം. അല്ലെങ്കിൽ അവർക്കെതിരെ കോടതി അലക്ഷ്യമുൾപ്പെടെയുള്ള നടപടി എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമിതിയുടെ ഉത്തരവ് ലംഘിച്ചാൽ ഡാം സുരക്ഷാ നിയമപ്രകാരമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും. ദേശീയ ഡാം സുരക്ഷാ അതോറിട്ടി എത്രയും വേഗം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി.

അംഗങ്ങൾ

രണ്ടാഴ്ചക്കകം

ഡാം സുരക്ഷാ ഓർഗനൈസേഷനിലെ ചീഫ് എൻജിനിയർ ഗുൽഷൻ രാജ് അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക വിദഗ്ദ്ധരുടെ പേരുകൾ രണ്ട് ആഴ്ച്ചക്കുള്ളിൽ കൈമാറണം. ഇവർ ഡാം സുരക്ഷയിലും റിസർവോയർ ഓപ്പറേഷനിലും ഇൻസ്ട്രുമെന്റേഷനിലും നന്നായി പരിചയമുള്ളവരായിരിക്കണം. ഇരു സംസ്ഥാനങ്ങളുടെയും അഡിഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ സമിതിയിലുണ്ട്.