supreme-court

ന്യൂഡൽഹി: ഇന്ത്യയിലെ സംഘടനകൾ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന വിദേശ സംഭാവനാ (നിയന്ത്രണ) ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി അംഗീകരിച്ചു. വിദേശ സംഭാവനകൾ സ്വീകരിക്കാൻ പൗരന്മാർക്ക് അവകാശമില്ല. വിദേശ സംഭാവനകൾ രാജ്യത്തിന്റെ നയങ്ങളെ സ്വാധീനിക്കുമെന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ഇടയാക്കുമെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിദേശ ഫണ്ട് സ്വീകരിക്കുന്ന എഫ്.സി.ആർ.എ ഭേദഗതി നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജിയിലാണ് സുപ്രീം കോടതി വിധി. വിദേശ സംഭാവനകളിലൂടെ വിദേശ രാജ്യങ്ങളുടെ സ്വാധീനം ഒഴിവാക്കാൻ രാജ്യത്തിനുള്ളിലെ ദാതാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചാരിറ്റബിൾ സംഘടനകളോട് കോടതി നിർദ്ദേശിച്ചു. എഫ്.സി.ആർ.എ ക്ലിയറൻസിനായി ആധാർ നൽകേണ്ടതില്ലെന്നും പകരം പാസ്‌‌പോർട്ട് ഹാജരാക്കാൻ അപേക്ഷകരെ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോടും നിർദ്ദേശിച്ചു.