
ന്യൂഡൽഹി:ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. വർഷാവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ജയറാം താക്കൂറിനെ മാറ്റി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെ മുഖ്യമന്ത്രിയാക്കുമെന്ന, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണത്തക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ നേതൃത്വത്തിൽ തന്നെ നേരിടും. അദ്ദേഹം മികച്ച നിലയിൽ പ്രവർത്തിക്കുന്നതിനാൽ പകരം ആരെയും നിശ്ചയിക്കേണ്ടതില്ല. സംസ്ഥാന മന്ത്രിമാരിൽ ആരെയും മാറ്റില്ല. - ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.
എന്നാൽ എല്ലാ സിറ്റിംഗ് എം.എൽ.എമാർക്കും സീറ്റ് ലഭിക്കാനിടയില്ല. യു.പി തിരഞ്ഞെടുപ്പിൽ 15 ശതമാനത്തോളം സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ ഹിമാചൽ പ്രദേശിലും അത് ആവർത്തിച്ചേക്കുമെന്ന് സൂചന നല്കി.