
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാനും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആലോചിക്കാനുമായി സംഘടിപ്പിക്കുന്ന ചിന്തൻ ശിബിരത്തിന്  മുന്നോടിയായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രവർത്തക സമിതി യോഗംവിളിക്കുമെന്ന് സൂചന. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന ജി23 വിഭാഗത്തിന്റെ നേതാവ് ഗുലാം നബി ആസാദുമായി സോണിയ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു.യു.പി അടക്കം സംസ്ഥാനങ്ങളിലെ തോൽവിയെ തുടർന്ന് മാർച്ച് 13ന് നടന്ന പ്രവർത്തക സമിതിയിലാണ് ചിന്തൻ ശിബിരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വേദിയും സമയവുമൊന്നും തീരുമാനിച്ചിട്ടില്ല. ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലോ, ഹിമാചൽ പ്രദേശിലോ, പാർട്ടി അധികാരത്തിലുള്ള രാജസ്ഥാനിലോ, ഛത്തീസ്ഗഡിലോ ചിന്തൻ ശിബിരം നടത്തണമെന്നും നിർദ്ദേശമുണ്ട്.