gfgh

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ അന്താരാഷ്‌ട്ര നാണയ നിധി(ഐ.എം.എഫ്) വാർഷികയോഗത്തിനിടെ ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങാൻ 50 കോടി ഡോളർ ധനസഹായം നൽകിയ ഇന്ത്യ 100 കോടി ഡോളർ കൂടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ശ്രീലങ്കയ്‌ക്ക് സഹായമെത്തിക്കാൻ ഐ.എം.എഫിനോട് ഇന്ത്യ ശുപാർശ ചെയ്‌തു.

അടുത്ത സുഹൃത്തും നല്ല അയൽപക്കക്കാരുമെന്ന നിലയിൽ ഇന്ത്യ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് നിർമ്മല ഉറപ്പു നൽകി. രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പ്രതിസന്ധി മറികടക്കാൻ സ്വീകരിച്ച നടപടികളും അലി സാബ്രി വിശദീകരിച്ചു.

ശ്രീലങ്കയെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഐ.എം.എഫ് മാനേജിംഗ് ഡയറക്‌ടർ ക്രസ്റ്റലീനാ ജോർജീവ അഭിനന്ദിച്ചു. പ്രതിസന്ധി മറികടക്കാൻ ഐ.എം.എഫ് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ശ്രീലങ്കയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തര ധനസഹായം എത്തിക്കണമെന്ന് ക്രസ്റ്റലീനയുമായുള്ള കൂടിക്കാഴ്ചയിൽ നിർമ്മല സീതാരാമൻ അഭ്യർത്ഥിച്ചു.