ffdfg

ന്യൂഡൽഹി: ഒമ്പതാമത് സിക്ക് ഗുരു ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പുരബ്(ജയന്തി) ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാത്രി ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. ചെങ്കോട്ടയിൽ സൂര്യാസ്തമനത്തിന് ശേഷം ഒരുപ്രധാനമന്ത്രി നടത്തുന്ന ആദ്യപ്രസംഗമാകുമിത്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി പ്രസംഗിക്കുന്നത് കോട്ടയ്ക്ക് മുകളിലാണെങ്കിൽ ഇന്നത്തെ പരിപാടി പുൽത്തകടിയിലാണ്.

ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ തേജ്ബഹാദൂർ സ്മരണിക നാണയത്തിന്റെയും തപാൽ സ്റ്റാമ്പിന്റെയും പ്രകാശനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

ഗുരു തേജ് ബഹാദൂറിന്റെ ജീവിതം ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സിക്ക് ആയോധന കലയായ 'ഗട്ക'യും സംഘടിപ്പിക്കും.

കാശ്മീരി പണ്ഡിറ്റുകളുടെ മതസ്വാതന്ത്ര്യത്തെ പിന്തുണച്ചതിന് 1675ൽ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട വ്യക്തിയാണ് ഗുരുതേജ് ബഹാദൂർ. അതിനാൽ അദ്ദേഹത്തിന്റെ ജയന്തി സംഘടിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന് രാഷ്‌ട്രീയ ലക്ഷ്യവുമുണ്ട്.