vbvbvb

ന്യൂഡൽഹി​: തി​രഞ്ഞെടുപ്പ് വി​ദഗ്ദ്ധൻ പ്രശാന്ത് കി​ഷോറി​ന്റെ നി​ർദ്ദേശങ്ങൾ അടി​സ്ഥാനമാക്കി​ ലോക്‌സഭാ, നിയമസഭാ തി​രഞ്ഞെടുപ്പുകളി​ൽ സ്വീകരി​ക്കേണ്ട തന്ത്രങ്ങളടങ്ങിയ റിപ്പോർട്ട് പ്രത്യേക സമി​തി​ കോൺ​ഗ്രസ് അദ്ധ്യക്ഷ സോണി​യാ ഗാന്ധി​ക്ക് ഉടൻ കൈമാറും. ഏപ്രി​ൽ 16 മുതൽ മൂന്നു ദി​വസത്തെ ചർച്ചകളി​ൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പ്രശാന്ത് നൽകിയിരുന്നു.

ഇക്കൊല്ലം ഒടുവിൽ നടക്കേണ്ട ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും കണ്ടുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പ്രശാന്തിന് താത്പര്യമില്ല. യു.പി, ബീഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഉടൻ സംഘടിപ്പിക്കുന്ന ചിന്തൻശിബിരിൽ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. അതിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാകും നടപ്പിലാക്കുക.

പ്രധാന നേതാക്കളായ കെ.സി. വേണുഗോപാൽ, മല്ലികാർജ്ജുന ഖാർഗെ, ജയ്റാം രമേശ്, അംബികാസോണി, ദിഗ്‌വിജയ് സിംഗ്, പി. ചിദംബരം, എ.കെ. ആന്റണി, കമൽനാഥ്, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു. പ്രശാന്തിന്റെ നിർദ്ദേശ പ്രകാരം സോണിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ തുടങ്ങിയവരെയും കണ്ടു. ഇന്നലെ സച്ചിൻ പൈലറ്റിനെയും കണ്ടു.

പ്രശാന്തിന്റെ കോൺഗ്രസ് പ്രവേശനം ഉടൻ?

പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ അംഗമാക്കി ഉന്നത പദവി നൽകുന്നതിലും ഉടൻ തീരുമാനമുണ്ടാകും. ഇന്നും സോണിയയെ കാണുന്നുന്നുണ്ട്. പ്രശാന്ത് 'നമ്പർ 2' ആയാൽ തങ്ങളുടെ പദവിയിൽ ഇളക്കം തട്ടുമെന്ന ആശങ്കയിൽ ഒരു വിഭാഗം അദ്ദേഹം ഉപദേശകനായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.

കോൺഗ്രസിനെ ബി.ജെ.പി വിരുദ്ധ ചേരിയിലെ മുഖ്യ കക്ഷിയായി നിലനിറുത്താനുള്ള ദൗത്യവും പ്രശാന്തിനു ണ്ട്. എം.കെ.സ്റ്റാലിൻ (ഡി.എം.കെ), ശരത് പവാർ (എൻ.സി.പി), മമതാ ബാനർജി (തൃണമൂൽ), ജഗൻമോഹൻ റെഡ്ഡി (വൈ.എസ്.ആർ കോൺഗ്രസ്), ചന്ദ്രശേഖര റാവു (ടി.ആർ.എസ്), ഉദ്ധവ് താക്കറെ ( ശിവസേന) തുടങ്ങിയ നേതാക്കളെ പ്രശാന്ത് കാണും.