jahangeerpuri

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെ മുനിസിപ്പൽ കോർപ്പറേഷൻ ഒഴിപ്പിക്കലിന് മുതിർന്ന ഡൽഹി ജഹാംഗീർപുരിയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനെത്തിയ സി.പി.ഐ, സമാജ്‌വാദി സംഘത്തെ പൊലീസ് തടഞ്ഞു. മുസ്ളീംലീഗ് എം.പിമാരുടെ സംഘവും കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷും സംഭവസ്ഥലം സന്ദർശിച്ചു.

ജനറൽ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തിലാണ് സി.പി.ഐ എം.പിമാരും നേതാക്കളും ജഹാംഗീർപുരിയിലെത്തിയത്. കുശാൽ ചൗക്കിൽ എം.പിമാരെ തടഞ്ഞ പൊലീസ് രാഷ്‌ട്രീയ കക്ഷി നേതാക്കളെ ആരെയും സി ബ്ളോക്കിലേക്ക് കടത്തിവിടില്ലെന്ന് അറിയിച്ചു. ജനങ്ങളുടെ കഷ്‌ടപ്പാട് നേരിട്ട് കാണാനെത്തിയതാണെന്ന് ബിനോയ് വിശ്വം എം.പി പൊലീസ് ഉദ്യോഗസ്ഥരോട് കയർത്തെങ്കിലും അവർ അയഞ്ഞില്ല. തുടർന്ന് രാജ, ബിനോയ് വിശ്വം, ആനിരാജ, പല്ലവ് സെൻ ഗുപ്ത, ബാരിക്കേഡിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു.

പിന്നാലെ എത്തിയ എസ്.ടി. ഹസൻ, വിശ്വംഭർ പ്രസാദ് നിഷാദ്, രവിപ്രകാശ് വർഷം, ജാവേദ് അലി ഖാൻ, സഫിഖുർ റഹ്‌മാൻ തുടങ്ങിയ സമാജ്‌വാദി പാർട്ടി എം.പിമാരെയും പൊലീസ് തടഞ്ഞു. മാദ്ധ്യമങ്ങൾക്കും വിലക്കുണ്ട്.

രാവിലെ ജഹാംഗീർ പുരിയിലെത്തിയ മുസ്ളീം ലീഗ് നേതാക്കളെ റാണി കന്യാ വിദ്യാലയത്തിനു മുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പിന്നീട് അനുമതി നൽകി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുൾ സമദ് സമദാനി, നവാസ് ഗനി, ദേശീയ നേതാക്കളായ ഖുർറം അനീസ്
ഉമർ, ആസിഫ് അൻസാരി, അഡ്വ വി.കെ. ഫൈസൽ ബാബു, ഷിബു മീരാൻ എന്നിവരാണ് ജഹാംഗീർപുരിയിലെത്തിയത്.

സ്ഥലത്ത് കടകൾ ഇടിച്ചു നിരത്തി ഒരു വിഭാഗം ആളുകളെ മാത്രമാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ബോദ്ധ്യമായി. അതിക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

-കൊടിക്കുന്നിൽ സുരേഷ് എം.പി

മുഖ്യപ്രതിയുടെ പണമിടപാടുകൾ അന്വേഷിക്കും

ജഹാംഗീർപുരി അക്രമത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കരുതുന്ന അൻസാറിന്റെ(35) പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ്, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് അപേക്ഷ നൽകി. ഇയാൾക്ക് പല ബാങ്കുകളിലായി നിരവധി അക്കൗണ്ടുകളും നഗരത്തിന്റെ പലയിടങ്ങളിലായി വസ്തു വകകളുമുണ്ട്. ചൂതാട്ടമാണ് മുഖ്യവരുമാനം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ രാകേഷ് അസ്താനയുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂർ ചോദ്യം ചെയ്‌തു.

പ്രതികളിൽ പലർക്കും ബംഗാൾ ബന്ധമുള്ളതിനാൽ ഒരു പൊലീസ് സംഘത്തെ അങ്ങോട്ടും അയച്ചിട്ടുണ്ട്.