
ന്യൂഡൽഹി:കേരളത്തിന് എയിംസ് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ. തത്വത്തിലുള്ള അംഗീകാരം കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയതായി കെ.മുരളീധരൻ എം.പിയെ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ അറിയിച്ചു. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മുരളീധരൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം.
അനുയോജ്യമായ സ്ഥലങ്ങൾ അറിയിക്കാൻ കേരളത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ബാദ്ധ്യതകളുൾപ്പെടെ പരിശോധിച്ച് കേന്ദ്ര ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കും. തീരുമാനമായാൽ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക വകയിരുത്തും. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി കേരളത്തിലെത്തി സ്ഥലം പരിശോധിക്കും.
കേരളം, കർണാടക, ഹരിയാന സംസ്ഥാനങ്ങളാണ് കേന്ദ്രത്തോട് എയിംസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് 19 സ്ഥലങ്ങളിൽ എയിംസ് ഉണ്ട്.
എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ്
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ട്. ഇതനുസരിച്ച് കേരള മുഖ്യമന്ത്രിയോട് പറ്റിയ നാല് സ്ഥലങ്ങൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലായി നാല് സ്ഥലങ്ങൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ നൽകുന്ന സഹായം കേരളത്തിനും അനുവദിക്കും.
--ഡോ. ഭാരതി പ്രവീൺ പവാർ കേന്ദ്ര ആരോഗ്യ സഹമന്ത്രി