gfgh

ന്യൂഡൽഹി:സ്വകാര്യ ചാനലുകൾ ആധികാരികമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ നൽകുന്നതിനെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. പ്രകോപനപരവും വർഗീയവിദ്വേഷം സൃഷ്ടിക്കുന്നതും സാമൂഹ്യ സ്പർദ്ധ വർദ്ധിപ്പിക്കുന്നതുമായ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ ചാനലുകൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

1995ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്സ്( റെഗുലേഷൻ) ആക്ടിലെ സെക്ഷൻ 20 ലെ പ്രോഗ്രാം കോഡ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന് ഇന്നലെ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറഞ്ഞു. സമീപകാലത്തെ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ സ്വകാര്യ ചാനലുകൾ ആധികാരികമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും ക്ഷോഭജനകവുമായ വാർത്തകളാണ് നൽകിയത്. മോശമായതും അസ്വീകാര്യവുമായ ഭാഷയും വികാരങ്ങൾ വ്രണപ്പെടുത്തുന്നതും മാനനഷ്ടമുണ്ടാക്കുന്നതും സാമുദായിക വേർതിരിവുണ്ടാക്കുന്നതുമായിരുന്നു വാർത്തകളുടെ അടിസ്ഥാനം. യുക്രെയിൻ - റഷ്യ സംഘർഷം നടന്നപ്പോഴും ജഹാംഗീർ പുരിയിലെ സംഘർഷത്തിലും ചാനലുകളിലൂടെ പുറത്ത് വന്ന വാർത്തകളും സംവാദങ്ങളും പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്ന് മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. യുക്രെയിനിലെ സംഘർഷ സമയത്ത് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത തലക്കെട്ടുകളാണ് ചാനലുകൾ നൽകിയത്. കെട്ടിച്ചമച്ച വാർത്തകൾ നൽകുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ജഹാംഗീർ പുരിയിലെ കലാപത്തിൽ സമുദായങ്ങൾ തമ്മിൽ വിദ്വേഷം സൃഷ്ടിക്കുന്ന വാർത്തകൾ നൽകുകയും ക്രമസമാധാനനില തകർക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികൃതരുടെ നടപടികൾക്ക് വർഗീയ നിറം നൽകാനും ശ്രമിച്ചുവെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.