gftftgg

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ നടന്ന സംഘർഷത്തിൽ പ്രതികളായവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് ഇ.ഡിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.

ആക്രി കച്ചവടവും വഴിയോര കച്ചവടവും നടത്തുന്നവർക്ക് പോലും നിഴൽ അക്കൗണ്ടുകളിലൂടെ പണമെത്തുന്നതായി ഡൽഹി പൊലീസ് ചീഫ് രാകേഷ് അസ്താന നൽകിയ കത്തിൽ വ്യക്തമാക്കുന്നു. സംഘർഷത്തിന്റെ സൂത്രധാരൻ എന്ന് ഡൽഹി പൊലീസ് പറയുന്ന അൻസാർ ഷെയ്ഖിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ അനധികൃതമായി ധാരാളം പണം സമ്പാദിച്ചതായി കണ്ടെത്തിയെന്നാണ് ഡൽഹി പൊലീസിന്റെ വാദം. വിദേശത്ത് നിന്ന് എത്തുന്ന പണം ഉപയോഗിച്ച് സ്വന്തം സമുദായാംഗങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന അൻസാറിന് ബംഗ്ലാദേശികളുമായും ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. ഇതിലൂടെ സാമുദായിക സംഘർഷത്തിന് ശ്രമിക്കുകയാണ് ഇയാൾ ചെയ്തതെന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. നിലവിൽ ജഹാംഗീർപുരി മേഖല കനത്ത പൊലീസ് കാവലിലാണ്. ഇവിടെ താമസിക്കുന്നവരെ പുറത്തേക്ക് വിടാനോ പുറത്ത് നിന്ന് ഈ പ്രദേശത്തേക്ക് ആരെയും പ്രവേശിപ്പിക്കാനോ പൊലീസിന്റെ അനുമതി ആവശ്യമാണ്.

പ്രതികൾക്ക് ബോൺ ടെസ്റ്റ്

ജഹാംഗീർപുരിയിൽ നടന്ന സംഘർഷത്തിലെ പ്രതികളുടെ പ്രായം കണ്ടെത്താൻ ഡൽഹി പൊലീസ് ബോൺ ടെസ്റ്റ് നടത്തുന്നു. പ്രതികളാക്കപ്പെട്ട തങ്ങളുടെ കുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് ചൂണ്ടിക്കാട്ടി ചില രക്ഷിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഡൽഹി പൊലീസിന്റെ പുതുമയുള്ള ഈ നടപടി. അസ്ഥി പരിശോധന നടത്താൻ ഡൽഹി പൊലീസ് കോടതിയെ സമീപിച്ചു.

കഴിഞ്ഞ 17 ന് അറസ്റ്റിലായ പ്രതിക്ക് 21 വയസ്സാണെന്ന് ഞങ്ങൾ കരുതുന്നതായി ഡൽഹി പൊലീസ് പറയുന്നു. എന്നാൽ ഇയാൾക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി ചില സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് അയക്കുകയായിരുന്നു. പ്രതിയുടെ കുടുംബം പറയുന്നത് സത്യമല്ലെന്നും അവർ ഹാജരാക്കിയ സർട്ടിഫിക്കറ്റ് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.