
ന്യൂഡൽഹി: ബിർഭും കൂട്ടക്കൊലയിലെ ഇരകളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനർജി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. നാലാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
ശരിയായ നഷ്ട പരിഹാര പദ്ധതി ആദ്യം പ്രഖ്യാപിക്കാതെയാണ് ഇരകളുടെ ബന്ധുക്കൾക്ക് പണം വിതരണം ചെയ്തതെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. കൂട്ടക്കൊല നടന്ന് രണ്ട് ദിവസം കഴിഞ്ഞ് സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി വീടിനുള്ള അറ്റകുറ്റപ്പണിക്കുള്ള രണ്ട് ലക്ഷം രൂപ ഉൾപ്പെടെ ഏഴ് ലക്ഷം രൂപ വിതരണം ചെയ്തു. ബാക്കി പിന്നീട് നൽകി. സംഘർഷത്തിൽ കൊല്ലപ്പെട്ട 10 പേരുടെ കുടുബങ്ങൾക്ക് ജോലി നൽകുമെന്നറിയിച്ച് കത്തയച്ചു. ഇതൊക്കെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനാണെന്ന് ബികാഷ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു. ജൂലായ് 26 ന് കേസിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.