prashanth-kishore

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറിനെ ഉന്നത പദവി നൽകി പാർട്ടിയിലെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കുള്ളിൽ ഭിന്നത. ഇതേ തുടർന്ന് പ്രശാന്തിന്റെ കോൺഗ്രസ് പ്രവേശനം തീരുമാനിക്കാൻ ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം നിർണായകമാകും.

കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ നിർദ്ദേശിച്ച പ്രശാന്തിനെ ഒപ്പം കൂട്ടണമെന്ന അഭിപ്രായമാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമുള്ളത്. അംബികാ സോണിയെപ്പോലുള്ള നേതാക്കളും ഇതിനെ പിന്തുണച്ചു. എന്നാൽ മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിംഗ്, മുകുൾ വാസ്‌നിക്, ജയറാം രമേശ്, രൺദീപ് സിംഗ് സുർജെവാല തുടങ്ങിയവർ പ്രശാന്തിന്റെ പ്രവേശത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. ഗാന്ധി കുടുംബം കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമനായി പ്രശാന്ത് വരുന്നതിനോട് യോജിക്കുന്നില്ലെങ്കിലും രാഹുലിനെയും പ്രിയങ്കയെയും എതിർക്കാതെ നിഷ്‌പക്ഷ നിലപാടിലാണ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധനായ പ്രശാന്ത് കിഷോറിന്റെ മുൻ സ്ഥാപനമായ ഐപാക് കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസുമായി ധാരണയിലെത്തിയതും കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയാണ്. ഔദ്യോഗികമായി ഐപാക് വിട്ടെങ്കിലും പ്രധാന തീരുമാനങ്ങൾ ഇപ്പോഴും പ്രശാന്ത് കിഷോറിന്റേതാണ്. ഇതു കൂടാതെ

തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ആന്ധ്രാ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവരുടെ രാഷ്‌ട്രീയ ഉപദേശകനുമാണ് പ്രശാന്ത്. കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയെടുക്കാൻ തൃണമൂലിനെ ഉപദേശിക്കുന്ന ആളാണ് പ്രശാന്തെന്ന് എതിർക്കുന്നവർ വാദിക്കുന്നു. അതിനാൽ ഉന്നത പദവി നൽകി പാർട്ടി അംഗത്വം നൽകുന്നത് വിനയാകുമെന്നും അവർ പറയുന്നു. മുതിർന്ന നേതാക്കളെ ഉപദേശകരാക്കി മാറ്റി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പുതിയ ആളുകളെ രംഗത്തിറക്കണമെന്ന പ്രശാന്തിന്റെ നിർദ്ദേശത്തെയും ഇവർ എതിർക്കുന്നു.