
എ.ഐ.സി.സി അംഗത്വം സാങ്കേതികം മാത്രമെന്ന് വിശദീകരണം
ന്യൂഡൽഹി: പാർട്ടി വിലക്ക് മറി കടന്ന് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസിന്റെ കെ.പി.സി.സി രാഷ്‌ട്രീയ കാര്യ സമിതി, എക്‌സിക്യൂട്ടീവ് അംഗത്വങ്ങൾ റദ്ദാക്കി. എ.കെ. ആന്റണി അദ്ധ്യക്ഷനായ അഞ്ചംഗ എ.ഐ.സി.സി അച്ചടക്ക സമിതിയുടെ ശുപാർശയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനമെടുത്തത്.
തോമസിന്റെ എ.ഐ.സി.സി അംഗത്വം റദ്ദാക്കിയിട്ടില്ലെങ്കിലും ,സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അംഗത്വം സാങ്കേതികം മാത്രമാണെന്നാണ് വിശദീകരണം. കെ.വി. തോമസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി നേതൃത്വം എ.ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് എ.ഐ.സി.സി അച്ചടക്ക സമിതി കെ.വി. തോമസിൽ നിന്ന് വിശദീകരണം തേടിയെങ്കിലും ,പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടിയെ ന്യായീകരിച്ചാണ് അദ്ദേഹം മറുപടി നൽകിയത്. നേരിട്ടെത്തി വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അച്ചടക്കം ലംഘിച്ചതിന് പഞ്ചാബ് മുൻ പി.സി.സി അദ്ധ്യക്ഷൻ സുനിൽ ഝാക്കറിനെ രണ്ടു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു..