train

ന്യൂഡൽഹി: ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റാൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി. 2013ൽ മുംബയിലെ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 75കാരനായ നിതിൻ ഹുണ്ടി വാലയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി വിധിച്ചു.

മുംബയുടെ ജീവനാഡികളായ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ നിന്ന് ആര് വീണ് പരിക്കേറ്റാലും നഷ്ടപരിഹാരം നൽകണം.

എന്നാൽ ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായാൽ നഷ്ടപരിഹാരം നൽകുന്ന റെയിൽവെ നിയമത്തിലെ 124 (എ) വകുപ്പിന് കീഴിൽ ഈ കേസ് വരില്ലെന്നായിരുന്നു പശ്ചിമ റെയിൽവെയുടെ വാദം. ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നതെന്നാണ് ഇതിന് കാരണമായി റെയിൽവെ ചൂണ്ടിക്കാട്ടിയത്.

ഈ വാദം കോടതി അംഗീകരിച്ചില്ല. യാത്രക്കാർ നിറഞ്ഞ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ മറ്റ് യാത്രക്കാരുടെ തള്ളൽ മൂലം അപകടം സംഭവിക്കാമെന്നും അത് അപ്രതീക്ഷിത സംഭവങ്ങളിൽപ്പെടുമെന്നും കോടതി പറഞ്ഞു.

അപകടത്തിൽ പെട്ടവർക്ക് എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കുകയെന്നതാണ് റെയിൽവെ നിയമത്തിലെ സെക്ഷൻ 124 ( എ ) യുടെ ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി.