nimishapriya

ന്യൂഡൽഹി:യെമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി ദയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബം തീരുമാനമെടുത്തിട്ടില്ലെന്ന് അവരുടെ ഗോത്ര തലവൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ മോചന നടപടികളെ ബാധിക്കുമെന്നും എംബസി ജീവനക്കാർ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് എംബസി ഉദ്യോഗസ്ഥർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സുരക്ഷാ പ്രശ്നങ്ങൾ മൂലം പൂർണ്ണ തോതിൽ പ്രവർത്തിക്കാത്ത യെമനിലെ ഇന്ത്യൻ എംബസിയിലെ ചില ജീവനക്കാരാണ് കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ ഗോത്ര തലവനുമായി ചർച്ച നടത്തിയത്. തലാൽ മുഹമ്മദിന്റെ കുടുംബം ഗോത്ര തലവനുമായി ചർച്ച നടത്തിയ ശേഷമേ ദയാധനം സംബന്ധിച്ച തീരുമാനമെടുക്കൂവെന്ന് ഗോത്ര തലവൻ വ്യക്തമാക്കിയതായാണറിയുന്നത്. തലാൽ മുഹമ്മദിന്റെ കുടുംബം 50 ദശലക്ഷം യെമൻ റിയാലാണ് ദയാധനമായി ചോദിക്കുന്നതെന്ന് യെമനിലെ ഉന്നത ഉദ്യോഗസ്ഥർ നിമിഷ പ്രിയയെ ജയിലിലെത്തി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ റംസാന് മുമ്പ് തീരുമാനം അറിയിക്കണമെന്നും വ്യക്തമാക്കിയിരുന്നു.