
ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടരുതെന്ന് ഉപദേശിച്ച തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ നിർദ്ദേശിച്ചെന്ന് സൂചന. പാർട്ടിയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ഉപാധി തള്ളിയതോടെ കോൺഗ്രസിന്റെ ഭാഗമാകാനില്ലെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
രാഹുലിന് മറ്റ് ചുമതലകൾ നൽകിയും പ്രിയങ്കയെ അദ്ധ്യക്ഷയാക്കിയും എ.ഐ.സി.സി പുന:സംഘടിപ്പിക്കണമെന്ന നിർദ്ദേശവും കോൺഗ്രസിൽ സ്വാതന്ത്രത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന പദവി വേണമെന്ന ആവശ്യവും പാർട്ടിയിലെ വലിയൊരു വിഭാഗം തള്ളിയിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള മാർഗങ്ങൾ മാത്രം ഉപദേശിച്ചാൽ മതിയെന്നും അവർ പ്രശാന്തിനോട് പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ ഭാഗമാകാനില്ലെന്ന പ്രശാന്തിന്റെ പ്രഖ്യാപനത്തിന് കാരണം.
സോണിയയുമായുള്ള പ്രശാന്ത് കിഷോറിന്റെ ചർച്ചകളിലെല്ലാം പ്രിയങ്കാ ഗാന്ധി പങ്കെടുത്തിരുന്നു. ഉന്നത പദവി നൽകി പ്രശാന്തിനെ പാർട്ടിയിലെടുക്കണമെന്ന് വാദിച്ചവരുടെ മുൻനിരയിലുമുണ്ടായിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യാത്രകളുടെ പേരിൽ രാഹുൽ ഗാന്ധി ചർച്ചകളിൽ നിന്ന് വിട്ടുനിന്നു. പ്രശാന്ത് കോൺഗ്രസിൽ ചേരില്ലെന്ന് രാഹുൽ വിശ്വസ്‌തരോട് പറഞ്ഞതായുള്ള റിപ്പോർട്ടുകളും വന്നു.