
ന്യൂഡൽഹി:അർഹരായ എൻ.ആർ.ഐ വിദ്യാർത്ഥികൾക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തിക്കൂടേയെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളും 38 എൻ.ആർ.ഐ വിദ്യാർത്ഥികളും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നാരോപിച്ച് കോടതിയെ സമീപിച്ച വിദ്യാർത്ഥികളെക്കുറിച്ച് പരിശോധന നടത്തി സത്യവാംങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
കോടതിയെ സമീപിച്ച വിദ്യാർത്ഥികളിൽ ഏഴ് പേർ മാത്രമാണ് എൻ.ആർ.ഐ പട്ടികയിലുള്ളതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കോൺസൽ നിഷേരാജൻ ഷൊങ്കാറും വ്യക്തമാക്കി. ഇതിൽ നാല് പേർ മോപ് അപ് കൗൺസലിൽ പങ്കെടുത്തിട്ടില്ലെന്നും അറിയിച്ചു. 12 പേർ എൻ.ആർ.ഐ പദവി തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ല. 19 വിദ്യാർത്ഥികൾ എൻ.ആർ.ഐ പദവി അവകാശപ്പെട്ടത് പോലുമില്ല.
എന്നാൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമദി ഈ വാദത്തെ എതിർത്തു. തുടർന്നാണ് വിദ്യാർത്ഥികളെ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയ നടപടിയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദുവെയും അഭിഭാഷകൻ ഹാരിസ് ബീരാനും കോടതിയോട് ആവശ്യപ്പെട്ടു.