photo

യോഗനാദം 2022 ഏപ്രി​ൽ ഒന്ന് ലക്കം എഡി​റ്റോറി​യൽ

വി​ദ്യ കൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുവി​ന്റെ ഉപദേശം ശിരസാവഹി​ക്കുന്നവരാണ് പൊതുവേ മലയാളി​കൾ. ജാതി, മത ഭേദമെന്യേ വി​ദ്യാഭ്യാസ കാര്യത്തി​ൽ ഇത്രത്തോളം ശ്രദ്ധപുലർത്തുന്ന സമൂഹം ഇന്ത്യയി​ൽ അപൂർവമാണ്. മക്കളെ പഠി​പ്പി​ക്കാൻ വേണ്ടി​ എന്ത് കഷ്ടപ്പാടി​നും നാം തയ്യാറാണ്. ഈയൊരു സമീപനമാണ് കേരളത്തി​ന്റെ എല്ലാ പുരോഗതി​യുടെയും അടി​സ്ഥാനം. മലയാളി​കൾ ലോകമെമ്പാടും എത്തിപ്പെടാനുള്ള രഹസ്യവും വിദ്യയോടുള്ള അഭിനിവേശവും അവരുടെ വിശേഷബുദ്ധിയും തന്നെ.

എൻജി​നി​യറിംഗ്, എം.ബി​.ബി​.എസ്, നഴ്സിംഗ് പഠനത്തി​നായി​ അന്യസംസ്ഥാനങ്ങളി​ലേക്ക് പതി​നായി​രങ്ങളാണ് വർഷാവർഷം ചേക്കേറി​യി​രുന്നത്. ആ സ്ഥാനം ഇപ്പോൾ വി​ദേശ സർവകലാശാലകൾ ഏറ്റെടുത്തു. പ്രൊഫഷണൽ കോഴ്സുകൾക്ക് മാത്രമല്ല, ബി​രുദപഠനത്തി​ന് പോലും വി​ദേശത്ത് പോകുന്നത് കേരളത്തി​ലെ പുതിയ ട്രെൻഡാണ്. മലയാളി പ്രവാസി സമൂഹവും വിദ്യാർത്ഥികളും ലോകമാകെ വ്യാപിച്ചുകിടക്കുന്നതിനാൽ വിദേശത്തെ മി​ക്കവാറും എല്ലാ സംഭവവി​കാസങ്ങളും കേരളത്തെ നേരി​ട്ട് ബാധി​ക്കും. അതിന് ഉദാഹരണമാണ് ചൈനയിലും യുക്രെയ്നിലും പഠിച്ചിരുന്ന മലയാളി വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ.

കൊവി​ഡ് മഹാമാരി​ മൂലം ചെെനയി​ൽ നി​ന്നും യുദ്ധത്താൽ യുക്രെയ്നി​ൽ നി​ന്നും മടങ്ങി​യ വി​ദ്യാർത്ഥി​കളുടെയും അവരുടെ കുടുംബങ്ങളുടെയും അവസ്ഥ പരി​താപകരമാണ്. പഠനം മുടങ്ങി​യ ആശങ്കയും സാമ്പത്തി​ക ബാദ്ധ്യതയും സൃഷ്ടി​ക്കുന്ന പ്രശ്നങ്ങൾ ഗുരുതരമായ തലത്തി​ലേക്ക് നീങ്ങി​ക്കഴി​ഞ്ഞു. സർക്കാരുകൾക്കാണെങ്കി​ൽ ഇത്തരം രാജ്യാന്തര പ്രശ്നങ്ങളി​ൽ ഇടപെടുന്നതി​ന് പരി​മി​തി​കളുമുണ്ട്.

കുറഞ്ഞ ചെലവി​ൽ മെഡി​സി​നും മറ്റും പഠി​ക്കാനാകുമെന്നതി​നാലാണ് ഒട്ടേറെ കുട്ടി​കൾ ചൈന, ഫി​ലി​പ്പീൻസ്, കി​ഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ.എന്നിവിടങ്ങളി​ലേക്ക് പോകുന്നത്. ചില വിദേശ സർവകലാശാലകളുടെ നി​ലനി​ൽപ്പ് തന്നെ ഇന്ത്യക്കാരെ ആശ്രയിച്ചാണെന്നും അറി​യുന്നു. മക്കൾ എങ്ങ​നെയും ഡോക്ടറായി​ കാണാനുള്ള അച്ഛനമ്മമാരുടെ അഭി​ലാഷത്താൽ പോകുന്നവരും ഏറെയുണ്ട് ഇക്കൂട്ടത്തി​ൽ. ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾ ഈ പ്രതിസന്ധിയുടെ ഇരകളാണ്. ഈ കുടുംബങ്ങളുടെയും കുട്ടികളുടെയും ഭാവി തീർത്തും അനിശ്ചിതത്വത്തിലാണ്.

മൂന്നും നാലും അഞ്ചും വർഷം ചൈനയി​ൽ മെഡി​സി​ൻ പഠി​ച്ച് കൊവി​ഡ് മൂലം കോഴ്സ് പൂർത്തി​യാക്കാനാവാതെ മടങ്ങി​വന്ന വി​ദ്യാർത്ഥി​കളുടെയും വീട്ടുകാരുടെയും മനോവിഷമം അവഗണിക്കാവുന്നതല്ല.

23,000ൽ പരം ഇന്ത്യൻ വിദ്യാർത്ഥികൾ ചൈനയിലുണ്ടെന്നാണ് കണക്ക്. ഇതിലേറെയും മെഡിസിന് പഠിക്കുന്നവരാണ്. മലയാളി വിദ്യാർത്ഥികളുടെ എണ്ണം നാലായിരത്തോളം വരും. തിരികെ എത്താൻ ചൈന ഇവർക്ക് വിസ നൽകാത്തതാണ് പ്രശ്നം. മെഡിസിൻ ഓൺലൈനായി പഠിക്കുന്നതിന് പരിമിതിയുണ്ട്. പ്രാക്ടിക്കൽ, ക്ളിനിക്കൽ പരിചയം കോഴ്സിന് അനിവാര്യമാണ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസിക്ക് കാത്തുനിൽക്കുന്നവരുടെ കാര്യമാണ് കഷ്ടം. കോഴ്സ് സമ്പൂർണമാകാത്ത സ്ഥിതിയിലാണവർ.
രണ്ട് വർഷമായി ചൈനയിലേക്ക് പോകാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ലോൺ തുടരാൻ ചില ബാങ്കുകൾ വിസമ്മതിക്കുന്നതും ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ചൈനീസ് സർവകലാശാലകൾ ഓൺലൈൻ ക്ളാസുകൾ നടത്തുന്നതിനിടെ

ബാങ്കുകൾ കടുംപിടുത്തം തുടർന്നാൽ വി​ദ്യാർത്ഥി​കൾ വലിയ പ്രതിസന്ധിയിലാകും. ഓൺലൈൻ മെഡിസിൻ പഠനം ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകരിക്കുന്നുമില്ല. വിദേശത്ത് പഠിച്ച് പാസായവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ പാസാകേണ്ടതുണ്ട്. ആ കടമ്പ കടക്കുന്നവർ നാലിൽ ഒന്നുപോലുമില്ല.

യുക്രെയ്നിൽ നിന്ന് മടങ്ങിയവർക്കാകട്ടെ ഇനി പഠനം തുടരാനാകുമോ എന്നും പോലും നിശ്ചയമില്ല. ഇവിടുത്ത വിദ്യാർത്ഥികളിൽ ഒരാളൊഴികെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് തന്നെ ആശ്വാസകരമാണ്. യുദ്ധഭൂമിയിൽ നിന്ന് ജീവനും കൊണ്ടുള്ള ദുരിതപ്രയാണം അവർക്ക് ജീവിതകാലത്ത് മറക്കാനാവില്ല. ഇവരിലും ബഹുഭൂരിപക്ഷം മെഡിക്കൽ വിദ്യാർത്ഥികളാണ്. ചൈനയിൽ പോയവരേക്കാൾ കഷ്ടമാണ് ഇവരുടെ സ്ഥിതി. നയതന്ത്ര ഇടപെടലുകളിലൂടെ ചൈനയിലെ പ്രശ്നം എങ്ങനെയും പരിഹരിക്കാനായേക്കും. പക്ഷേ യുക്രെയ്നിലെ അവസ്ഥ അതല്ല.

പഠിച്ചിരുന്ന സർവകലാശാലകൾ റഷ്യൻ ബോംബിംഗിൽ അവശേഷിക്കുന്നുണ്ടോയെന്നു പോലും അറിയില്ല. തിരിച്ചുപോകാനാകുമോ എന്നും ഉറപ്പില്ല. പഠനം തുടരാനാകാതെ കുട്ടികളും സാമ്പത്തിക ബാദ്ധ്യതയിൽപ്പെടുന്ന രക്ഷിതാക്കളും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്.

മെഡിസിൻ പഠനത്തിന് രാജ്യത്ത് സൗകര്യങ്ങൾ ലഭ്യമാകാത്തതിനാലാണ് ചെലവും നിലവാരവും കുറഞ്ഞ വിദേശ സർവകലാശാലകളിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ നിർബന്ധിതരാകുന്നത്. സങ്കീർണമായ പ്രശ്നമാണെങ്കി​ലും ഈ ദുരവസ്ഥയി​ൽ നി​ന്ന് കുട്ടി​കളെയും രക്ഷകർത്താക്കളെയും കരകയറ്റാൻ വേണ്ടി​ ചെയ്യാവുന്നതെല്ലാം സംസ്ഥാന, കേന്ദ്രസർക്കാരുകൾ കൈക്കൊള്ളണം.

ഭാവി​യി​ൽ ഇത്തരം പ്രതി​സന്ധി​കളെ അകറ്റാൻ ഇന്ത്യയിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ ഉന്നത വി​ദ്യാലയങ്ങൾ ആരംഭിക്കണം. സമർത്ഥരായ നമ്മുടെ കുട്ടികൾക്ക് വിദേശത്ത് വലിയ അവസരങ്ങൾ ലഭിക്കാനും ഇത് ഉപകരിക്കും. ഫീസും മറ്റുമായി ഇപ്പോൾ വിദേശത്തേക്ക് പോകുന്ന ശതകോടികൾ നാടിന് തന്നെ ലഭിക്കും. വിദ്യാർത്ഥികൾ ഇപ്പോൾ ആശ്രയിക്കുന്ന വിദേശ ഇടങ്ങളെക്കാൾ ഇന്ത്യയിലെ മെഡിസിൻ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഭേദമാകാനേ വഴിയുള്ളൂ.

ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ രംഗത്തെ വിവിധ കോഴ്സുകൾക്കായി വിദ്യാർത്ഥികൾ നി​ലവി​ൽ എത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മെഡിസിൻ, എൻജിനിയറിംഗ് ഉൾപ്പടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായി ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യം സൃഷ്ടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.