
കൊച്ചി: മനുഷ്യമനസിന്റെ സങ്കീർണതകൾ തൊട്ടറിഞ്ഞ പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ജോൺ പോൾ (72) അന്തരിച്ചു.
എറണാകുളം ലിസി ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു അന്ത്യം.
ശ്വാസമെടുക്കാനുള്ള വിഷമവും ഉദരസംബന്ധമായ പ്രശ്നങ്ങളും മൂലം ഫെബ്രുവരി മുതൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലും പാലിയേറ്റീവ് യൂണിറ്റിലും രണ്ടു മാസത്തിലേറെ ചികിത്സയിൽ കഴിഞ്ഞെങ്കിലും രോഗം മൂർച്ഛിച്ചു. മാർച്ച് 26ന് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഐ.സി.യുവിലായിരുന്നു. വെള്ളിയാഴ്ച രാത്രി നില വഷളായി ഹൃദയാഘാതമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 1.02ന് അന്ത്യം സംഭവിച്ചു.
മരട് കൊട്ടാരം ജംഗ്ഷനിലെ സെന്റ് ആന്റണീസ് റോഡ് കൊട്ടാരം ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ: ഐഷ എലിസബത്ത് ജോൺ. മകൾ: ജിഷ. മരുമകൻ: ജിബി അബ്രഹാം.
ലിസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8 മുതൽ 11വരെ എറണാകുളം ടൗൺ ഹാളിലും തുടർന്ന് എറണാകുളം സൗത്തിലെ ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിനു ശേഷം 12.30ന് മരടിലെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകും.
വൈകിട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയാർക്ക പള്ളിയിൽ സംസ്കരിക്കും.
സൂപ്പർ താരങ്ങളുൾപ്പെടെ മലയാളത്തിലെ നടന്മാർക്കും സംവിധായകർക്കും ഏറ്റവും മികച്ച വേഷങ്ങളും സിനിമകളും സമ്മാനിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. നൂറോളം സിനിമകൾക്കാണ് തിരക്കഥ രചിച്ചത്.
എറണാകുളത്ത് അദ്ധ്യാപകനായിരുന്ന പുതുശേരി പി.വി. പൗലോസിന്റെയും റബേക്കയുടെയും മകനായി 1950 ഒക്ടോബർ 29നാണ് ജനനം. മഹാരാജാസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ എം. എ നേടി. കോളേജ്കാലത്ത് സ്വതന്ത്ര പത്രപ്രവർത്തനം തുടങ്ങി. ഫിലിം സൊസൈറ്റികളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി. 1972ൽ കാനറ ബാങ്കിൽ ജോലി നേടി. 1983ൽ രാജിവച്ച് സിനിമയിൽ പൂർണസമയം സജീവമായി.
1980-90ലാണ് ഏറ്റവും മികച്ച തിരക്കഥകൾ രചിച്ചത്. മലയാളം സിനിമ ടെക്‌നിഷ്യൻസ് അസോസിയേഷൻ (മാക്ട) സ്ഥാപക ജനറൽസെക്രട്ടറിയാണ്.
സംവിധായകൻ ഭരതനുവേണ്ടിയാണ് ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്.ചാമരം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, അതിരാത്രം, ഓർമ്മയ്ക്കായ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ സിനിമകൾ ജോൺപോളിന്റെ സൃഷ്‌ടിയാണ്.