
ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. മകൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എടയപ്പുറം വലിയപറമ്പിൽ ഇ.പി. കെരീം (69) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ഓടെ സെന്റ് ആൻസ് പള്ളിക്ക് മുമ്പിലായിരുന്നു അപകടം. തോട്ടക്കാട്ടുകര ഗവ. ആയുർവേദ ആശുപത്രിയിൽ ഡോക്ടറെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കെരീമും മകളും. ഇതിനിടെ പിന്നിൽ നിന്ന് ലോറി ഇടിക്കുകയായിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കെരീമിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം 11.30ഓടെ എടയപ്പുറം ജുമാമസ്ജിദിൽ മൃതദേഹം കബറടക്കും. ഐ.എൻ.ടി.യു.സി കീഴ്മാട് മണ്ഡലം സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.
ഭാര്യ: സബിയ. മക്കൾ: ഷെമീർ (കീഴ്മാട് സർവ്വിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), നസീർ, സബീന. മരുമക്കൾ: ഫൈസൽ, ഹസീന, തസ്‌നി.