
തൃക്കാക്കര: ജില്ലാ ആസ്ഥാനത്ത് രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ നഗരസഭാധികൃതരോ ജില്ലാ ഭരണകൂടമോ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകപരാതി. കാക്കനാട് സീ-പോർട്ട് എയർ പോർട്ട് റോഡിൽ ഓലിമുകൾ പള്ളിക്ക് സമീപത്തെ താത്കാലിക ട്രാഫിക് പരിഷ്‌കാരം ഗുണത്തേക്കാളേറെ പൊതുജനങ്ങൾക്ക് ദുരിതമാണ് നൽകുന്നത്.
സിവിൽ ലൈൻ റോഡിൽ ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റ് സിഗ്നൽ ജംഗ്ഷൻ, ഓലിമുകൾ, പ്രത്യേക സാമ്പത്തിക മേഖലാ പരിസരങ്ങളിലാണ് ഗതാഗതക്കുരുക്ക് തലവേദനയാകുന്നത്. സിവിൽ ലൈൻ റോഡിൽ ചെമ്പുമുക്ക് മുതൽ പടമുകൾ പമ്പ് ജംഗ്ഷൻ വരെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. വാഴക്കാലയിൽ വാഹനങ്ങൾക്കു തിരിയാനും മറ്റും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പരിഹാരമായിട്ടില്ല.
കാക്കനാട് ജംഗ്ഷനിലും നഗരസഭാ പ്രദേശത്തുമെല്ലാം വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും കുപ്പിക്കഴുത്തുപോലെയുള്ള വാഴക്കാല പ്രദേശവും കുരുക്കിന്റെ തീവ്രത കൂട്ടുന്നു. കാക്കനാടിന്റെ ഏതെങ്കിലും ഭാഗത്ത് ചെറിയ അപകടം സംഭവിച്ചാൽപ്പോലും പ്രദേശമാകെ മണിക്കൂറുകളോളം സ്തംഭിക്കുന്ന സ്ഥിതിയാണ്. കിലോമീറ്ററുകൾ നീളുന്ന വാഹനനിര ഒഴിയാൻ മണിക്കൂറുകൾ വേണ്ടിവരും. ഇതിനിടെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും അടിയന്തരാവശ്യങ്ങൾക്ക് പോകേണ്ടവരും ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വിഷമിക്കുന്നത് പതിവാണ്. അത്യാസന്നനിലയിലായ രോഗികളുമായെത്തുന്ന ആംബുലൻസുകൾ പോലും കുരുക്കിൽപ്പെടുന്നു.
കളക്ടറേറ്റ് ജംഗ്ഷനിലും ഓലിമുകൾ ജംഗ്ഷനിലും ഫ്‌ളൈ ഓവർ സ്ഥാപിക്കുകയും കാക്കനാട്ടേക്ക് സമാന്തര പാതകൾ തുറക്കാനുമുള്ള ഒട്ടേറെ പദ്ധതികൾ ഫയലിലുണ്ട്. ചക്കരപ്പറമ്പ് -ചിറ്റേത്തുകര നാലുവരിപ്പാത, കോതമംഗലം -- കാക്കനാട് നാലുവരിപ്പാത എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഒരു പതിറ്റാണ്ടായി ഉയർന്നു കേൾക്കുന്ന ഈ പദ്ധതികളൊന്നും യാഥാർഥ്യമാക്കാൻ ആത്മാർഥമായ നീക്കം ഒരിടത്തു നിന്നുമില്ലെന്നു മാത്രം. മാറി മാറി വരുന്ന സർക്കാരുകളും ജനപ്രതിനിധികളും നിർദ്ദിഷ്ട റോഡുകളുടെ കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്നുവെന്നാണ് ആക്ഷേപം.