grasscutter

 ഇന്ധനവില വർദ്ധന നേരിടാൻ പദ്ധതിയുമായി കാംകോ

കൊച്ചി: ഇന്ധനവില വർദ്ധനയിൽ നിന്ന് കാർഷികമേഖലയെ രക്ഷിക്കാനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രാക്ടറും കൃഷി​യന്ത്രങ്ങളും നിർമ്മിക്കാനൊരുങ്ങി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ (കാംകോ).
കാംകോയുടെ ഇലക്ട്രി​ക് ഗ്രാസ് കട്ടർ (ബ്രഷ് കട്ടർ) കഴിഞ്ഞദിവസം വി​പണി​യി​ലെത്തി​. ഇന്ത്യയിൽ തന്നെ ആദ്യമാണിത്. വി​ല 43,000 രൂപ. ഒന്നര മണിക്കൂർ ചാർജ് ചെയ്താൽ നാല് മണിക്കൂർ ഉപയോഗിക്കാം. 600 വാട്ടിന്റെ ലിഥിയം അയോൺ ബാറ്ററിയി​ലാണ് പ്രവർത്തനം. വൈബ്രേഷനും ഭാരവും കുറവ്. വൈദ്യുതി ചെലവ് മണി​ക്കൂറി​ന് ഒരു രൂപ. പെട്രോൾ മെഷീന് മണിക്കൂറിൽ ഒരുലി​റ്റർ ഇന്ധനം വേണം. സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് നിർമ്മാണം.

ഇലക്ട്രിക് ട്രാക്ടർ

ഇലക്ട്രി​ക് ട്രാക്ടർ അടുത്തവർഷം വിപണിയിലിറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയിൽ ഒരു കമ്പനി മാത്രമാണ് ഇപ്പോൾ ഇലക്ട്രിക് ട്രാക്ടർ നിർമ്മിക്കുന്നത്. നേരത്തേ കാംകോ സാധാരണ ട്രാക്ടറുകൾ നിർമ്മിച്ചിരുന്നെങ്കിലും പിന്നീട് നിറുത്തി.

കാംകോ

പൊതുമേഖലയിൽ രാജ്യത്തെ പ്രമുഖ കാർഷികോപകരണ നിർമ്മാണ കമ്പനി. 47 വർഷം മുമ്പ് തുടക്കം. അങ്കമാലി അത്താണിയിൽ ആസ്ഥാനം. പാലക്കാട്, കളമശേരി, മാള, കണ്ണൂർ എന്നിവിടങ്ങളിലും യൂണിറ്റുകൾ. ഇന്ത്യയിലും വിദേശത്തുമായി 80 ഡീലർമാർ. ആഫ്രിക്ക, ഇറാൻ, യു.എ.ഇ., ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി. വർഷം 15,000 ടില്ലറുകൾ നിർമ്മിക്കുന്നു.

''സൗകര്യപ്രദവുമായി ഉപയോഗിക്കാവുന്നതും ലാഭകരവുമായ ആധുനിക ഇലക്ട്രിക് മെഷീനറികൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കാംകോ""

ആർ.രാജേഷ്,​

അസിസ്റ്റന്റ് എൻജിനിയർ,​

കാംകോ