പെരുമ്പാവൂർ: പുഴകളും തോടുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകൾ സംരക്ഷിച്ച് അവയുടെ കൈയേറ്റവും മലിനീകരണവും തടയേണ്ടത് പ്രധാനമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്നും എന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും പരിസ്ഥിതിസംരക്ഷണ കർമ്മസമിതി സംഘടിപ്പിച്ച ചർച്ചാസദസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പ്രളയത്തെത്തുടർന്ന് തദ്ദേശവകുപ്പ് അധികൃതർ പുഴകൾ, തോടുകൾ തുടങ്ങിയ ജലസ്രോതസുകളുടെ അതിരുകൾ തിട്ടപ്പെടുത്തി അടയാളപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ ഉത്തരവ് നടപ്പിലാക്കിയിട്ടില്ലന്നും ഇത് കൈയേറ്റക്കാർക്ക് പ്രോത്സാഹനമാണെന്നും നെൽക്കൃഷി ചെയ്യാത്ത വയൽപ്രദേശങ്ങളിൽ വ്യാപകമായി തോടുകളോടുചേർന്നുള്ള പഴയ നടവരമ്പുകൾ സ്വകാര്യവ്യക്തികൾ കൈയേറി നശിപ്പിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതിനെതിരായ ശിക്ഷാനടപടികൾ കൂടുതൽ കർക്കശമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വർഗീസ് പുല്ലുവഴി വിഷയം അവതരിപ്പിച്ചു. ശിവൻ കദളി, എം.കെ. ശശിധരൻപിള്ള, പോൾ ആത്തുങ്കൽ ടി.എ. വർഗീസ്, ആർ. സർവോത്തമൻ, ജി. ശിവരാമൻ നായർ, ടി.കെ. ശിവൻ, രാജുജോൺ, വി. രവീന്ദ്രൻ, പി.കെ. വർക്കി, പി.ഡി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.