ആലുവ: കേന്ദ്രസർക്കാർ അനുമതി കൊടുത്താലും ഇല്ലെങ്കിലും സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. 'കെ-റെയിൽ വേണ്ട കേരളം മതി' കാമ്പയിൻ യു.ഡി.എഫ് ജനസദസിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റമഴയിൽ പ്രളയം ഉണ്ടാകുന്ന കേരളത്തിനുകുറുകെ വൻമതിൽ രൂപപ്പെടുത്തുന്ന പദ്ധതിയാണിത്. ഡി.പി.ആർ അബദ്ധ പഞ്ചാംഗമാണെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ അനൂപ് ജേക്കബ്, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിളളി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തലിബ്, കെ.പി. ധനപാലൻ, ഷിബു തെക്കുംപുറം, ദീപ്തി മേരി വർഗീസ്, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ്, കെ.എം. അബ്ദുൾ മജീദ്, ഹംസ പറക്കാട്ട്, ജോർജ് സ്റ്റീഫൻ, എം.ഒ. ജോൺ, വി.പി.ജോർജ്, ഡൊമിനിക് കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.