df

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രാദേശിക പതിപ്പിന് കൊച്ചി സ്ഥിരം വേദിയാകും. അഞ്ചേക്കർ സ്ഥലം ലഭ്യമാക്കിയാൽ സിനിമാ മ്യൂസിയവും കൊച്ചിക്ക് സ്വന്തമാകും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം സരിത തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാംസ്കാരികമന്ത്രി സജി ചെറിയാനാണ് കൊച്ചിക്ക് വാഗ്ദാനം നൽകിയത്. മ്യൂസിയം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം എം.എൽ.എയും കോർപ്പറേഷൻ മേയറും ചേർന്ന് ഏറ്റെടുത്തു നൽകണം. മ്യൂസിയം പണിയാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്ഥലം നൽകിയാൽ ഉടൻതന്നെ നിർമ്മാണം ആരംഭിക്കാമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആതിഥ്യം വഹിച്ച കൊച്ചിയിലായിരുന്നത് ടി.ജെ. വിനോദ് എം.എൽ.എയും മേയർ എം.അനിൽകുമാറും ചടങ്ങിൽ ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. അടുത്തവർഷം മുതൽ ചലച്ചിത്രോത്സവവുമായി കോർപ്പറേഷനും സഹകരിക്കുമെന്നും മേയർ പ്രഖ്യാപിച്ചു.

നടൻ മോഹൻലാൽ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എൻ.എസ്. മാധവൻ മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, സംഘാടക സമിതി ചെയർമാനും സംവിധായകനുമായ ജോഷി, കൺവീനർ ഷിബു ചക്രവർത്തി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ചലച്ചിത്രോത്സവത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, മാക്ട ജനറൽ സെക്രട്ടറി സുന്ദർദാസ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫെഫ്‌ക വർക്കിംഗ് ജനറൽ സെക്രട്ടറി സോഹൻ സീനുലാൽ, സിനിമയിലെ വനിതാകൂട്ടായ്‌മ പ്രതിനിധി സജിത മഠത്തിൽ, ഫിയോക് സെക്രട്ടറി സാജു ജോണി, നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധി ഒൗസേപ്പച്ചൻ വാളക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നടന്മാരായ ഹരിശ്രീ അശോകൻ, ഇർഷാദ്, നടിമാരായ രചന നാരായണൻകുട്ടി, സരയു തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.