
കൊച്ചി: കേരളത്തിലെ ചികിത്സാരംഗത്തെ കാഴ്ചപ്പാടുകൾ മാറേണ്ടകാലമായെന്ന് കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. കൺസോർഷ്യം ഒഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗൈസേഷൻ ഈ വിഷയത്തിൽ എറണാകുളത്ത് ഇന്നും നാളെയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ മുഖ്യവിഷയം മെഡിക്കൽ സേഫ്റ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സാപ്പിഴവുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സുരക്ഷാവീഴ്ചകളെക്കുറിച്ച് ആധികാരിക കണക്കുകളൊന്നും രാജ്യത്ത് ലഭ്യമല്ല. അത് രേഖപ്പെടുത്തുന്നില്ല. അമേരിക്കയിൽ പോലും 30 ശതമാനം രോഗികൾ മെഡിക്കൽ പിഴവുകൾക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്ക്.
പിഴവുകൾ മറച്ചുവയ്ക്കുന്ന സമീപനം നമ്മുടെ ആശുപത്രികൾ മാറ്റണം. സുരക്ഷിതമായ സാഹചര്യത്തിൽ മികച്ച ചികിത്സ നൽകി രോഗിക്ക് സൗഖ്യമേകണം. അതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ആശുപത്രികളിൽ വേണം. മെഡിക്കൽ സുരക്ഷാ പട്ടികയിൽ ലോകത്ത് 66-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
കൊവിഡാനന്തര സാഹചര്യത്തിൽ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ അത്യാവശ്യമാണ്. മഹാമാരിക്കാലം ചികിത്സാരംഗത്ത് ഗുണപരമായ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കി. ചികിത്സ തേടുന്നയാളെ രോഗിയായല്ല, അതിഥിയായി കാണേണ്ടകാലമായി. ഡോക്ടർമാർ രോഗികൾക്കായി കാത്തിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്നും ഡോ.എം.ഐ.സഹദുള്ള പറഞ്ഞു.