മൂവാറ്റുപുഴ: കേരളത്തിൽ ബാങ്കുകൾ ഇപ്പോഴും തുടർന്നു വരുന്ന ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോകസഭയിൽആവശ്യപ്പെട്ടു. പതിനായിരം നോട്ടീസാണ് എല്ലാ ബാങ്കുകളും ചേർന്ന് അയച്ചിരിക്കുന്നത്. മുവാറ്റുപുഴയിൽ ഒരു പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ഇത്തരത്തിൽ ബാങ്കുകളുടെ പീഡനത്തെ തുടർന്നാണ്. അടിയന്തരമായി ഇത്തരം നടപടികൾ നിർത്തിവയ്പ്പിക്കാൻ സർക്കാർ ഇടപെടണം. വായ്പയെടുത്ത എല്ലാ കർഷർക്കും പലിശയും കൂട്ടു പലിശയും ഒഴിവാക്കുക. വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് ആഗോളതലത്തിലും സ്വദേശത്തുമുള്ള തൊഴിൽ സാദ്ധ്യതകളുടെ പരിമിതി നിമിത്തം സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരുന്നതിനാൽ അവർക്കും പലിശയിളവ് അനുവദിക്കണം. എല്ലാ വായ്പകളും റീ ഷെഡ്യൂൾ ചെയ്ത് കാലാവധി ദീർഘിപ്പിച്ച് നൽകണമെന്നും ഡീൻ കുര്യാക്കോസ് സഭയിൽ ആവശ്യപ്പെട്ടു.