web

കൊച്ചി: 'ഞങ്ങളെക്കൊണ്ട് അത് സാധിക്കില്ലെന്ന് നിങ്ങൾ പറഞ്ഞു;ഞങ്ങൾക്കത് സാധിച്ചു...", എറണാകുളം ഓട്ടിസം ക്ലബ് വെബ്‌സൈറ്റിലെ ഹോം പേജ് ലോകത്തോട് സംസാരിക്കുകയാണ്. ക്ലബംഗങ്ങളായ കുട്ടികൾ ഒരുക്കിയ 'ഓട്ടിസം ക്ലബ്, എറണാകുളം; എന്ന വെബ്‌സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ലോക ഓട്ടിസം ദിനമായ ഇന്ന് ക്ലബിന്റെ ഫേസ്ബുക്ക് പേജിൽ നടക്കും.

സ്വന്തം വെബ്‌സൈറ്റ് വേണമെന്ന ആശയം കുട്ടികൾ പൂർത്തിയാക്കട്ടെ എന്ന് തീരുമാനിച്ചത് ക്ളബ് അധികൃതരായിരുന്നു. എന്നാൽ നടപ്പാക്കാനാകുമോ എന്ന് കുട്ടികളുടെ മാതാപിതാക്കൾപോലും ശങ്കിച്ചു. പക്ഷേ ഇരുപതിലേറെപ്പേർക്ക് ജനുവരി മുതൽ മാർച്ചുവരെ പരിശീലനം നൽകി. വീഡിയോ ഗെയിമുകളായും ആനിമേഷൻ കഥകളായും കാര്യങ്ങൾ വിശദീകരിച്ചു. മികവ് പ്രകടിപ്പിച്ച ആറുപേർക്ക് വീഡിയോകളിലൂടെയും ഓൺലൈൻ ക്ലാസുകളിലൂടെയും പ്രത്യേകപരിശീലനം നൽകി.

ഓട്ടിസം ക്ലബിന്റെ സ്‌കിൽ ഡെവലപ്മെന്റ് ഇൻചാർജ് ദീപ്‌തി മാത്യൂസായിരുന്നു പരിശീലക. കെ. വൈഷ്ണവ്, എൻ.എസ്. ശ്രേയസ് കിരൺ, സാം വർഗീസ്, പ്രദ്യുൻ രവി, മുഹമ്മദ് ഹരേബ്, ബ്രയൻ വർഗീസ് പ്രദീപ് എന്നിവർ ചേർന്ന് ഫെബ്രുവരി അവസാനത്തോടെ മാതൃകാപേജുകൾ നിർമ്മിച്ചു. മാറ്ററുകളും ചിത്രങ്ങളും ചെയ്യേണ്ട പേജുകൾ കുട്ടികൾക്ക് വീതിച്ചുനൽകി. രൂപകല്പനയുൾപ്പടെയുള്ളവ അവർ തന്നെ നിർവഹിച്ചു.

ഏഴഴകിൽ ഏഴുപേജുകൾ
 ക്ലബിന്റെ ഹോം പേജ്

 കുട്ടികൾ ചെയ്‌ത കാര്യങ്ങളും അവരുടെ കഴിവുകളും

 2017 മുതൽ ക്ലബ് സംഘടിപ്പിച്ച പരിപാടികൾ

 ക്ലബിലെ കുട്ടികളെക്കുറിച്ചുള്ള പേജ്

 ഓട്ടിസം വോയ്‌സ് എന്ന ത്രൈമാസ ഓൺലൈൻ വാരിക സംബന്ധിച്ച്

 മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ

 ബന്ധപ്പെടാനുള്ള വിവരങ്ങൾ

 ചെലവ് 1000രൂപ..!
ഗൂഗിൾ സൈറ്റ്‌സെന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ടെംപ്ലേറ്റ് തിരഞ്ഞെടുത്തത്. ഡൊമൈൻ പർച്ചേസിന് വേണ്ടിവന്ന 1,000രൂപ മാത്രമാണ് ചെലവ്.

'ഇന്ത്യയിലാദ്യമായാണ് ഓട്ടിസം ബാധിച്ച കുട്ടികൾ സ്വന്തമായി സൈറ്റ് നിർമ്മിക്കുന്നത്. അഭിമാനമുണ്ട് ".
- ദീപ്തി മാത്യൂസ്,

സ്‌കിൽ ഡെവലപ്‌മെന്റ് ഇൻചാർജ്,

ഓട്ടിസം ക്ലബ്, എറണാകുളം

,