
കൊച്ചി: പ്രളയത്തെ അതിജീവിക്കാനുള്ള നെതർലൻഡ്‌സ് മാതൃകയായ റൂം ഫോർ റിവർ പദ്ധതി എങ്ങുമെത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരുൾപ്പെട്ട സംഘമാണ് നെതർലൻഡ്‌സ് സന്ദർശിച്ചത്. 20,85,090 രൂപ യാത്രയ്ക്കും ചെലവായി. 2019 മേയ് 9 മുതൽ 12വരെയായിരുന്നു സന്ദർശനം. ചെന്നൈ ഐ.ഐ.ടി ഇക്കാര്യം പഠിക്കാൻ ചെലവിട്ടത് 1.02 കോടിയിലേറെ രൂപ.
നെതർലാൻഡ് സന്ദർശനത്തിനുശേഷം 30 മാസം പിന്നിട്ടെങ്കിലും പഠനം പൂർത്തിയായിട്ടില്ല. ഹൈഡ്രോ ഡൈനാമിക് പഠനം വൈകുന്നതാണത്രെ കാരണം. റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്ന് ഇൻലാൻഡ് നവിഗേഷൻ ആൻഡ് കുട്ടനാട് പാക്കേജിലെ ചീഫ് എൻജിനീയറുടെ കാര്യാലയം അറിയിച്ചു.
പഠനത്തിന് 1.38കോടി
പദ്ധതിയെക്കുറിച്ച് പഠിക്കാൻ ചെന്നൈ ഐ.ഐ.ടിയുമായി 1.38കോടി രൂപയ്ക്കാണ് കരാർ. പകുതി തുകയും ജി.എസ്.ടിയുമുൾപ്പെടെ 81.42ലക്ഷം ഇതിനോടകം നൽകി. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന്റെ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ. പഠനം എന്ന് പൂർത്തിയാകുമെന്നോ റൂം ഫോർ റിവർ പദ്ധതി എന്നാരംഭിക്കുമെന്നോ രേഖകളിലില്ല.
റൂം ഫോർ റിവർ
1995ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് നെതർലൻഡ്‌സിൽ ആവിഷ്കരിച്ച പദ്ധതിയാണിത്. വെള്ളപ്പൊക്ക സമയത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരാതിരിക്കാൻ അവിടത്തെ മൂന്നു നദികളിലെ വിവിധ സ്ഥലങ്ങളിൽ ആഴവും വിസ്തൃതിയും വർദ്ധിപ്പിച്ചാണ് ഇത് നടപ്പിലാക്കിയത്. 44 നദികളുള്ള കേരളത്തിൽ 36 എണ്ണവും പ്രളയകാലത്ത് നിറഞ്ഞു കവിയുന്നുണ്ട്.