കാക്കനാട്: ഇടത് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണും അതിനു കൂട്ടുനിൽക്കുന്ന നിലപാടാണ് ഇടത് സർവിസ് സംഘടനകൾ സ്വീകരിക്കുന്നതെന്നും കേരള എൻ.ജി.ഒ സംഘ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ. ശ്രീകുമാർ ആരോപിച്ചു. കേരള എൻ.ജി.ഒ. സംഘ് കളക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശിക ക്ഷാമബത്ത എട്ട് ശതമാനം അനുവദിക്കുക, മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക, സ്ഥലം മാറ്റ മാനദണ്ഡങ്ങൾ സ്റ്റാറ്റ്യൂട്ടറിയാക്കുക, ലീവ് സറണ്ടർ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് ടി.എസ്. ശ്രീജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എസ്.സുമേഷ്, ഫെറ്റോ ജില്ലാ ട്രഷറർ പി.ആർ. സുനിൽകുമാർ, ബാബുകുമാർ, കെ.എസ്. രതീഷ്‌കുമാർ, കെ. ജയരാജ്, ടി.ബി. ഹരി, എം.പി. പ്രസീദ് എന്നിവർ സംസാരിച്ചു.