
കൊച്ചി: വിനാശകരവും വകതിരിവുമില്ലാത്തതുമാണ് സർക്കാരിന്റെ മദ്യനയമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ആരോപിച്ചു. ചർച്ചകൾ നടത്തി നയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ കത്തോലിക്കാസഭയുടെ മുഴുവൻ രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമിതി അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കല്പിക്കുന്ന മദ്യനയം ജനങ്ങളെ മദ്യാസക്തിയിലേയ്ക്ക് തള്ളിവിടും. വീടുകളെയും തൊഴിലിടങ്ങളെയും മദ്യശാലകളാക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് സാവകാശം വിഷം കുത്തിവയ്ക്കുന്നതുപോലെയാകും. സ്ത്രീകൾ ഇതിന്റെ ഇരകളാകും. മദ്യലോബികളെ പ്രീണിപ്പിക്കാൻ കേരളത്തെ മദ്യഭ്രാന്താലയമാക്കരുതെന്ന് മെത്രാൻ സമിതിയുടെ മദ്യവിരുദ്ധ സമിതി ചെയർമാൻ യൂഹാനോൻ തെയഡോഷ്യസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.